⭐ആപ്പിൾ പോലുള്ള പഴവർഗ്ഗങ്ങളും മറ്റു പച്ചക്കറികളും വാങ്ങുമ്പോൾ മെഴുക് പോലെയുള്ളവ അതിന്റെ പുറത്ത് ഉള്ളതായി തോന്നിയിട്ടില്ലേ… ഇതെന്തിനാണെന്ന് അറിയാമോ?
പഴങ്ങളും , പച്ചക്കറികളും കേട് വരാതിരിക്കാന്‍ പലവിധ മാര്‍ഗങ്ങള്‍ കമ്പനികള്‍ ചെയ്യാറുണ്ട്. ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും , പച്ചക്കറികളിലുമുള്ള മെഴുക് കോട്ടിങ് അത്തരത്തിലുള്ളതാണ്. ആദ്യ കാലങ്ങളിൽ ഈ കവചം ഭക്ഷ്യയോഗ്യമല്ലായിരുന്നു. തൊലി ചെത്തിക്കളഞ്ഞ് പഴങ്ങള്‍ ഭക്ഷിക്കേണ്ടി വരുന്നത് അതുകൊണ്ടായിരുന്നു. എന്നാൽ
പിന്നീട് എഡിബിള്‍ വാക്സ് ഇറങ്ങാൻ തുടങ്ങി. അതായത് കഴിയ്ക്കാന്‍ സാധിയ്ക്കുന്ന തരം വാക്സ് അഥവാ മെഴുക് . ഇത് കഴിച്ചത് കൊണ്ട് ദോഷം വരുന്നില്ലെന്നര്‍ത്ഥം.
പഴങ്ങളിലെ ജലാംശം നഷ്ടപ്പെടാതെ ഇരിക്കുവാനും, പഴങ്ങള്‍ കൂടുതല്‍ ആകര്‍ഷകം ആകാനും കൂടാതെ കൂടുതല്‍ കാലം കേടു കൂടാതെ ഇരിക്കുവാനും തൊലിപ്പുറമെയുള്ള മെഴുകു സഹായിക്കും. ആപ്പിള്‍, പെയര്‍, പ്ലം, ചെറി ,വെള്ളരിക്കാ തുടങ്ങിയ പല പഴങ്ങളുടെയും തൊലിയില്‍ സ്വാഭാവികമായ മെഴുക് ഉണ്ട്.
ആപ്പിളിന്റെ കടും ചുവപ്പ് നിറത്തിനുപുറമെ മെഴുകും കൂടി ചേരുമ്പോള്‍ കാഴ്ചക്ക് മനോഹരമാകുന്നു. ആപ്പിളിന്റെ പുറമേ പെപ്റ്റിന്‍ എന്ന സ്വാഭാവിക ആവരണമുണ്ട്. ആപ്പിളില്‍ പുറമേ നിന്നും കീടങ്ങള്‍ പ്രവേശിയ്ക്കാതിരിയ്ക്കാന്‍ പ്രകൃതി തന്നെ നല്കുന്ന സംരക്ഷണമാണിത്. എന്നാല്‍ നമ്മള് കൈകാര്യം ചെയ്യുന്ന സമയത്ത് ഇതിന്റെ പെപ്റ്റിന്‍ നഷ്ടപ്പെട്ടു പോകും. ഇതിലൂടെ ഇതിനുളളിലെ ജലാംശം നഷ്ടപ്പെടും. ആപ്പിള്‍ ചുരുങ്ങിപ്പോകും.
കേടാകും.
ആപ്പിള്‍ കയറ്റി അയക്കുമ്പോഴെല്ലാം ഇതാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും പുറം നാട്ടില്‍ നിന്നും കയറ്റി അയക്കുമ്പോള്‍ പെപ്റ്റിന്‍ നഷ്ടപ്പെടുമ്പോള്‍ കയറ്റി അയക്കുന്ന അതേ തൂക്കമാകില്ല തൂക്കം പറഞ്ഞ് പണം നല്കി വാങ്ങുന്നവര്‍ക്ക് ലഭിയ്ക്കുക. ഇത് ഒഴിവാക്കാനാണ് ഇതിന് പുറമേ ഇത്തരം ചെറിയ മെഴുക് ആവരണം നല്‍കുന്നത്.
മുറിക്കാത്ത, ആപ്പിളുകളുടെ സാധാരണ ഷെല്‍ഫ് ലൈഫ് (കേടു കൂടാതെ ഇരിക്കുന്ന കാലയളവ്) ഒരു മാസം വരെയാണ്.
ഫ്രിഡ്ജില്‍ വച്ചാല്‍ ചിലപ്പോള്‍ രണ്ടു മാസം വരെ ഇരിക്കും. കൂടാതെ ആപ്പിളുകള്‍ മരത്തില്‍ നിന്നും പറിച്ചു പാക്ക് ചെയ്യുന്നതിനും മുന്‍പേ അവയില്‍ ഉള്ള ചെളിയും, പൊടിയും ഒക്കെ കളയുവാനായി പായ്ക്ക് ചെയ്യുന്നതിനും മുന്‍പേ, കഴുകാറുണ്ട്.ഇങ്ങനെ കഴുകുമ്പോള്‍ ആപ്പിളുകളില്‍ ഉള്ള സ്വാഭാവിക മെഴുക് നഷ്ട്ടപ്പെടും. അപ്പോള്‍ ഇവ പെട്ടെന്ന് കേടാകാനുള്ള സാദ്ധ്യത ഉണ്ട്. അതിനാലാണ് മെഴുക് പുറമെനിന്ന് ചേര്‍ക്കേണ്ടി വരുന്നത്. കൂടാതെ ഇങ്ങനെ ചെയ്താല്‍ സ്വാഭാവികമായുള്ള ഷെല്‍ഫ് ലൈഫ് കുറച്ചു കൂടി കൂട്ടുവാനും പറ്റും.
പഴ വർഗ്ഗങ്ങളിലും , പച്ചക്കറികളിലും ചേർക്കുന്ന വാക്സുകളിൽ ബ്രസീലില്‍ കാണുന്ന കര്ണോബാ എന്ന വൃക്ഷത്തിന്റെ ഇലകളില്‍ നിന്നുണ്ടാക്കുന്നതാണ് കൂടുതലായി ലോകത്ത് ഉപയോഗിയ്ക്കുന്നത്. ബീ വാക്സും ഇതിനായി ഉപയോഗിയ്ക്കുന്നുണ്ട്. ലിപ്സ്റ്റിക്കിലും പല ക്രീമുകളിലും ഇത്തരം വാക്സുകളില് ഉപയോഗിയ്ക്കുന്നുണ്ട്. ശരീരത്തില്‍ ഇടുന്ന സ്റ്റിച്ചുകളുടെ നൂലിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. കര്ണോബാ മരത്തിന്റെ വാക്സിന് വലിയ വിലയുമില്ല. മഞ്ഞ നിറമുള്ള ഇതിനെ പ്രോസസ് ചെയ്ത് നിറമില്ലാത്തതാക്കിയാണ് ആപ്പിളിന് പുറമേ പുരട്ടുന്നത്. നേരിയ അളവിലേ ഇത്തരം വാക്സ് ആപ്പിളിന് മുകളില്‍ പുരട്ടുന്നുള്ളൂ. ഇത്തരം വാക്സ് ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ സാധിയ്ക്കുന്ന ഇ-903 എന്ന നമ്പര്‍ നല്‍കിയിട്ടുള്ള ഒന്നാണ്.
ഇത്തരം വാക്സ് അല്പം മാത്രം മതി. ഇത് ആപ്പിള്‍ കേടാകാതെ സംരക്ഷണം നല്കുന്നു. പുറമേ നിന്നും ദോഷകരമായ ബാക്ടീരിയകളോ , മറ്റു കീടങ്ങളോ ഇതില്‍ കയറുന്നില്ല. ആപ്പിളിന്റെ ഗുണം കളയാതെ സംരക്ഷിയ്ക്കുന്നവയാണ് ഇത്തരം വാക്സ്. ഇത് ആരോഗ്യത്തിന് യാതൊരു ദോഷവും വരുത്തുന്നുമില്ല. ഇത്തരം ആപ്പിള്‍ 20 ദിവസത്തോളം കേടാകാതെ ഇരിയ്ക്കുന്നു. ആപ്പിള്‍ വാങ്ങി ഇത്തരം ദിവസം കേടാകാതെയിരുന്നാല് പേടിയ്ക്കേണ്ടതില്ലെന്നര്ത്ഥം . ഇനി ഇത്തരം വാക്സ് ദോഷം വരുത്തുമെന്ന് പേടിയുണ്ടെങ്കില്‍ തൊലി നീക്കി കഴിയ്ക്കാം. ഇതൊരിയ്ക്കലും ഉള്ളിലേയ്ക്ക് കടക്കുന്ന ഒന്നല്ല.
വാസ്തവത്തില്‍ ഇത്തരം വാക്സിനൊപ്പം ചിലപ്പോള്‍ കെമിക്കലുകള്‍ കൂടി ചേര്‍ത്തിളക്കി വരുമ്പോഴാണ് ആരോഗ്യത്തിന് ദോഷം വരുത്തുന്നത്. ഇത്തരം ആപ്പിളുകള്‍ ചിലപ്പോള്‍ മാസങ്ങളോളം അനക്കം കൂടാതെ ഇരിയ്ക്കുകയും ചെയ്യും. എന്നാല്‍ ആപ്പിളിന്റെ മുകളില്‍ കാണുന്ന ഇത്തരം മെഴുക് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും വരുത്തുമെന്ന പേരിലുള്ള പല വാര്‍ത്തകളിലും വാസ്തവമില്ല.