KeralaNEWS

കോവിഡ് പ്രതിരോധം കൂട്ടായ പ്രവര്‍ത്തനം: വിശദീകരിച്ച് സി.പി.എം.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മാഗ്‌സസെ അവാര്‍ഡ് നിരാകരിക്കാന്‍ പ്രധാന കാരണമെന്ന് സി.പി.എം. കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കെ.കെ. ശൈലജയുടെ നിലപാട് അംഗീകരിച്ചു എന്ന് വിശദീകരിക്കുമ്പോഴും കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമുളള ഭിന്നതയുടെ സൂചനകള്‍ കൂടിയാണ് ഇപ്പോഴത്തെ വിവാദം.

ശൈലജ തന്നെ നിര്‍ദ്ദേശിച്ച നിലപാടാണ് പാര്‍ട്ടി അംഗീകരിച്ചത് എന്നാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്ന വിലയിരുത്തല്‍ യെച്ചൂരി മറച്ചു വയ്ക്കുന്നില്ല. രാഷ്ട്രീയ നേതാക്കള്‍ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാര്‍ട്ടിയുടെ ആദ്യ വിലയിരുത്തല്‍.

Signature-ad

അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി എന്നിവര്‍ക്ക് കിട്ടിയത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പാണ്. സിപിഐയുടെ മഹിളാ ഫെഡറേഷന്‍ അദ്ധ്യക്ഷ അരുണ റോയ് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല.

റമോണ്‍ മഗ്‌സസെ സി.ഐ.എയുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് പുരസ്‌കാരം നിരസിക്കാനുള്ള മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കള്‍ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്‌ക്കാരം വേണ്ടെന്നു വച്ചിരുന്നു.

അതേസമയം, പുനസംഘടനയുടെ ഭാഗമായി ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറല്ല എന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തുടങ്ങിയ ചര്‍ച്ച ഇപ്പോഴും തീര്‍ന്നിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ പാര്‍ട്ടി നിരത്തുമ്പോഴും ശൈലജയ്ക്ക് രാജ്യാന്തര തലത്തില്‍ പ്രാധാന്യം കിട്ടുന്നതിലെ അസ്വാരസ്യവും പാര്‍ട്ടിയില്‍ തുടരുന്നുണ്ടെന്ന സൂചനയാണ് പുതിയ വിവാദം നല്‍കുന്നത്.

 

 

 

Back to top button
error: