ഇടുക്കി: ദേഹത്തേക്ക് ചാടിവീണ് പുലിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഗോപാലൻ എന്ന കർഷകൻ. ഇടുക്കിയിലാണ് സംഭവം.
വഴിയിൽ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയാണ് ചെയ്തതെന്ന് ഗോപാലൻ പറഞ്ഞു. ഇതോടെ പ്രാണരക്ഷാർഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു.
ഇടുക്കി മാങ്കുളത്ത് പ്രദേശവാസിയായ ഗോപാലൻ എന്നയാളാണ് തന്നെ ആക്രമിച്ച പുലിയെ തിരികെ ആക്രമിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ വെട്ടേറ്റ പുലി തൽക്ഷണം ചത്തു.
ശനിയാഴ്ച രാവിലെ ഗോപാലൻ വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് പോവുന്നതിനിടെയാണ് പുലി ആക്രമിക്കാൻ ശ്രമിച്ചത്. വഴിയിൽ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു. ഇതോടെ പ്രാണരക്ഷാർഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു.
”വഴിയിൽ കിടക്കുകയായിരുന്ന പുലി എന്റെ മേലേക്ക് ചാടി. എന്നെ കടിച്ചു. അപ്പോളാണ് വാക്കത്തി കൊണ്ട് വീശിയത്. ജീവൻ രക്ഷിക്കാനാണ് ഇത് ചെയ്തത്. വെട്ടുകൊണ്ട പുലി താഴെവീണു. ഞാൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. കൈയിലടക്കം പൊട്ടലുണ്ട്. നെഞ്ചിന് ഭയങ്കര വേദനയാണ്. നേരത്തെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്”, ഗോപാലൻ പ്രതികരിച്ചു.
പുലിയുടെ ആക്രമണത്തിൽ ഗോപാലന് കൈയിലും കാലിലും അടക്കം മുറിവുകളും പൊട്ടലുമുണ്ട്. ഇദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷ ബാധയ്ക്കെതിരായ കുത്തിവെപ്പ് അടക്കം ചികിത്സകൾ നൽകിവരികയാണ്.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.എന്നാൽ പുലി ചത്തതോടെ ഗോപാലന് എതിരെ കേസെടുത്തിരിക്കുകയാണ് വനംവകുപ്പ്.