കോവിഡ് രോഗി മരിച്ച സംഭവം; രോഗിക്ക് വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അനാസ്ഥ മൂലം കോവിഡ് രോഗി ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നജ്മ. ഹാരിസിന്റെ മുഖത്ത് മാസ്‌ക്കുണ്ടെങ്കിലും വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞതെന്നും അവര്‍ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. സംഭവം മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചു. അത് പ്രശ്നമാക്കരുതെന്ന് പറഞ്ഞു. തനിക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ നജ്മ പറയുന്നു.
വിവരം പുറത്തു പറഞ്ഞ നഴ്സിങ് ഓഫിസര്‍ ജലജാദേവിക്കെതിരായ അച്ചക്കടനടപടി ശരിയല്ലെന്നും അവര്‍ പറഞ്ഞു. വീഴ്ച അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ഡോക്ടര്‍മാരും കുറ്റക്കാരെന്നും തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ വ്യക്തമാക്കി. ഇതു പറഞ്ഞതിന് തനിക്കെതിരെയും നടപടി വന്നേക്കാമെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.വെന്റിലേറ്ററില്‍ ട്യൂബുകള്‍ മാറിക്കിടന്നതു കൊണ്ട് ഓക്‌സിജന്‍ കിട്ടാത്തത് കൊണ്ടാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചതെന്നായിരുന്നു ശബ്ദരേഖ.
അശ്രദ്ധ കാരണം പല രോഗികളും മരണപ്പെട്ടിട്ടുണ്ട് .ജൂലൈ 20 നു മരിച്ച ഹാരിസ് മരിച്ചത് വയറുകള്‍ മാറിക്കിടന്നത് കൊണ്ടാണെന്നും ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടിരുന്നു.സംഭവത്തില്‍ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.