ജോലികൾ പലവിധമുണ്ട്. ഡോക്ടർക്കോ ഐടി പ്രൊഫഷണലുകൾക്കോ എന്നെ പോലെ എ സി റൂമിലിരുന്ന് എല്ലാവർക്കും ജോലി ചെയ്യാനാവില്ല. വെയിലത്തും മഴയത്തും മഞ്ഞിലും കഷ്ടപ്പെട്ട് പല വിധ ജോലി ചെയ്യുന്ന എത്രയോ പേര് നമുക്ക് ചുറ്റും ഉണ്ട്. അതെല്ലാം മാറ്റുക എന്നത് പ്രായോഗിക ബുദ്ധിക്ക് നിരക്കാത്തതാണെന്നും അറിയാം.
എന്നാൽ മഴയത്തും വെയിലത്തും എന്നില്ലാതെ ഹോട്ടലുകൾക്ക് മുന്നിൽ ‘ഊണ് തയ്യാർ’ എന്ന ബോർഡും പിടിച്ചു രാവന്തിയോളം ആളുകളെ നിർത്തുന്നതെന്തിനാണ്? കെട്ടിടത്തിലെ ‘ഹോട്ടൽ’ എന്ന ബോർഡ് മാത്രം മതിയല്ലോ ആളുകൾക്ക് അങ്ങോട്ട് കയറിച്ചെല്ലാൻ.
ഇങ്ങനെ ഹോട്ടലുകൾക്ക് മുന്നിൽ ബോർഡും പിടിച്ചു നിൽക്കുന്നവരിൽ ഏറെയും പ്രായം ചെന്നവരവാണ്.മറ്റു നിവൃത്തിയില്ലാതെ ഈ ജോലിക്ക് ഇറങ്ങിത്തിരിച്ചവർ.തന്റെ കുടുംബത്തിന് ഒരു നേരമെങ്കിലും ആഹാരം കൊടുക്കുക എന്നതുതന്നെയായിരിക്കുമല്ലോ അവരുടെ ലക്ഷ്യവും.
അൽപ്പം മാനുഷിക പരിഗണനയാവാം.ഇങ്ങനെ ബോർഡും കൊടുത്തു തന്റെ ഹോട്ടലിന് മുന്നിൽ ആളുകളെ നിർത്തണമെന്ന് വാശിയുള്ള മുതലാളിമാർക്ക് അവർക്കൊരു കസേരയും കുടയുമെങ്കിലും കൊടുക്കാം.മനുഷ്യന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കരുത്.നാളത്തെ നമ്മുടെ അവസ്ഥ എന്താണെന്ന് ആർക്കും പറയാൻ പറ്റില്ല.