നടന് വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പ്രമേയമാക്കിയുളള 800എ ന്ന ചിത്രത്തില്‍ നിന്ന് നടന് വിജയ് സേതുപതി പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ട്വിറ്ററിലൂടെ റിഥിക് എന്ന പേരിലുളള അക്കൗണ്ടില്‍ നിന്നാണ് വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഡിഎംകെ എം.പി സെന്തില്‍ കുമാര്‍, ഗായിക ചിന്മയി തുടങ്ങി നിരവധി പേര് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
ഭാവിയെ ബാധിക്കുമെന്നതിനാല്‍ ചിത്രത്തില്‍ നിന്നു പിന്മാറാന് മുരളീധരന്, വിജയ് സേതുപതിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന് ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം.
അതേസമയം,ശ്രീലങ്കന്‍ ഭരണാധികാരികളുമായി അടുപ്പമുള്ളരുടെ ബിനാമികളാണ് നിര്‍മാതാക്കളെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നിര്‍മാതാക്കളായ ദാര്‍ മോഷന്‍സ് പറയുന്നത് ചിത്രം പൂര്‍ണമായിട്ടും സ്പോര്‍ട്സ് ബയോപിക്കാണെന്നാണ്. അനാഥനായി വളര്‍ന്ന ഒരു ബാലന് ലോകത്ത് ഏറ്റവും വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് പറയുന്നത്. സിനിമയില്‍ ഒരിടത്തും ശ്രീലങ്കയിലെ തമിഴ് സിംഹള പ്രശ്നങ്ങളോ പോരാട്ടങ്ങളോ പറയുന്നില്ല. രാഷ്ട്രീയവുമില്ലെന്നും പറയുന്നു.