പത്തനംതിട്ട: കനത്ത മഴ തുടരുന്ന പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.
പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടമാണ് മഴയെത്തുടര്‍ന്ന് ഉണ്ടായത്. അതിതീവ്ര മഴപെയ്ത മല്ലപ്പള്ളി, ചുങ്കപ്പാറ, നാരങ്ങാനം അയിരൂര്‍ കോഴഞ്ചേരി പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. പുലര്‍ച്ചെ ഒരു മണിയോടെയാണ് ജില്ലയില്‍ അതിശക്തമായ മഴ തുടങ്ങിയത്. ചുങ്കപ്പാറ സ്വദേശി മുനീറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് വെള്ളത്തില്‍ ഒലിച്ചു പോയി. ഉരുക്കുഴി തോടിന് സമീപത്തെ പാലത്തിന്റെ തൂണില്‍ കുടുങ്ങി കിടന്ന കാറ് ആറ് മണിക്കൂര്‍ പണിപ്പെട്ടാണ് നാട്ടാകാര്‍ കരക്കെത്തിച്ചത്. കാറ് പൂര്‍ണമായും തകര്‍ന്നു.
ആറര മണിക്കൂര്‍ നീണ്ടുനിന്ന മഴ ഏറ്റവും ദുരിതം വിതച്ചത് മല്ലപ്പള്ളി താലൂക്കിലാണ്. കച്ചവടസ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. കോട്ടാങ്ങല്‍, കൊറ്റനാട്, ആനിക്കാട്, വെണ്ണിക്കുളം പ്രദേശങ്ങളില്‍ പല വീടുകളും ഒറ്റപ്പെട്ടു. പലയിടത്തും റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചുങ്കപ്പാറ കവലയില്‍ എട്ടടിയോളം ഉയത്തിലാണ് വെള്ളം കയറിയത്. ചെറുതും വലുതുമായ എഴുപത്തിയഞ്ചോളം കടകള്‍ വെള്ളത്തില്‍ മുങ്ങി. ഓണം മുന്നില്‍ കണ്ട് സ്റ്റോക്ക് എടുത്ത കച്ചവടക്കാരുടെ കടകളിലെ സാധനങ്ങളെല്ലാം നശിച്ചു. എഴുമറ്റൂര്‍ മലവെള്ളപ്പാച്ചിലില്‍ വേങ്ങഴ സ്വദേശി ജോസിന്റെ കട നിലം പതിച്ചു.
വെണ്ണിക്കുളം സെന്റ് ബെഹനാസ് സ്‌കൂളിന്റെ പാചകപ്പുരയും ശുചിമുറിയും തകര്‍ന്നു. പത്തനംതിട്ട നഗരത്തിലെ വെട്ടിപ്പുറത്ത് ഭക്ഷ്യ ഗോഡൗണില്‍ വെള്ളം കയറി അരിയും പലചരക്ക് സാധനങ്ങളും നശിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തും വെള്ളം കയറി വ്യാപക നാശങ്ങളുണ്ടായി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും ആളപായമില്ല. ഇലന്തൂര്‍ പാട്ടത്തറയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ള പ്രദേശത്ത് നിന്ന് ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു