KeralaNEWS

സ്‌കൂള്‍വിട്ടുവന്ന വിദ്യാര്‍ഥിനികള്‍ റോഡിലെ വെള്ളക്കെട്ടില്‍പ്പെട്ട് 50 മീറ്ററോളം ഒഴുകി; രക്ഷപ്പെടുത്തിയത് മീനച്ചിലാറിന് 25 മീറ്റര്‍ അകലെവച്ച്!

കോട്ടയം: സ്‌കൂള്‍ വിട്ട് മടങ്ങിയ ആറാംക്ലാസുകാരിയും സുഹൃത്തും റോഡരികിലെ വെള്ളക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ടു. പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥി തണ്ണിപ്പാറ ചെറിയിടത്തില്‍ സന്തോഷിന്റെ മകള്‍ കാവ്യാമോളും സുഹൃത്തും ആണ് അപകടത്തില്‍പ്പെട്ടത്.

കോട്ടയം പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലയില്‍ ഇടവിട്ടുള്ള മഴ ശക്തമായിരുന്നതിനാല്‍ പലയിടത്തും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. തീക്കോയി സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ഇരുവരും സ്‌കൂളില്‍ നിന്നും തിരികെ വരുന്നതിനിടെ കൂട്ടുകാര്‍ നോക്കിനില്‍ക്കെയാണ് കാല്‍വഴുതി റോഡിലെ ഒഴുക്കില്‍ വീണത്.

Signature-ad

ശക്തമായ ഒഴുക്കില്‍ അതിവേഗം ഇവര്‍ താഴോട്ട് പോയി. അമ്പത് മീറ്ററോളം ഒഴുകിയ കുട്ടികളെ അയല്‍വാസിയായ റിട്ടേയേര്‍ഡ് അധ്യാപകന്‍ ആണ് രക്ഷപ്പെടുത്തിയത്. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളില്‍ പതിക്കുന്നതിന് മുന്‍പ് കുട്ടികളെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. മീനച്ചിലാറ്റിലേക്ക് കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ വീട്ടിലെത്തിച്ചു.

Back to top button
error: