NEWSWorld

റോക്കറ്റിന്റെ എന്‍ജിനില്‍ സാങ്കേതിക തകരാര്‍; വിക്ഷേപണത്തിന് മിനിറ്റുകള്‍ മുമ്പ് ആര്‍ട്ടിമിസ് ചാന്ദ്രദൗത്യം നിര്‍ത്തിവച്ച് നാസ

കാലിഫോര്‍ണിയ: വിക്ഷേപണത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് – ഒന്നിന്റെ വിക്ഷേപണം മാറ്റിവച്ച് നാസ. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ നാല് എന്‍ജിനുകളില്‍ മൂന്നാം എന്‍ജിനായ ആര്‍എസ്-25 എന്‍ജിനിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും നാസ പ്രതികരിച്ചു.

വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്‌സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തി. എന്‍ജിനുകളിലെ പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. എന്‍ജിന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്. ഇതൊരു പരീക്ഷണ പറക്കലാണെന്നും ചെറിയ സാങ്കേതിക പ്രശ്‌നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്നു നാസ അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനോ അഞ്ചിനോ ആര്‍ട്ടെമിസ് 1 വിക്ഷേപണമുണ്ടായേക്കുമെന്നാണ് വിവരം.

Signature-ad

2024ല്‍ മനുഷ്യനുമായി വീണ്ടും ചന്ദ്രനിലെത്താനാണ് നാസ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനുമുന്നോടിയായിട്ടാണ് ആര്‍ട്ടെമിസ് ദൗത്യം. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ആര്‍ട്ടെമിസ് 1 ദൗത്യവുമായി നാസ ചാന്ദ്ര ദൗത്യത്തിന് തയാറെടുത്തത്. മനുഷ്യനെ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആര്‍ട്ടെമിസ് 1.

തങ്ങളുടെ എക്കാലത്തെയും ശക്തമായ വിക്ഷേപണ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്), ഓറിയോണ്‍ ക്രൂ ക്യാപ്സ്യൂള്‍ എന്നിവയുടെ പ്രകടനം പരീക്ഷിക്കാനാണ് നാസ ലക്ഷ്യമിട്ടത്. ഏകദേശം ആറാഴ്ച നീളുന്ന ദൗത്യത്തില്‍ ചന്ദ്രനിലേക്കും തിരിച്ചും ഏകദേശം 65,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനായിരുന്നു പദ്ധതി. അടുത്ത ദൗത്യമായ ആര്‍ട്ടെമിസ് 2 ദൗത്യമാണ് സ്ത്രീയുള്‍പ്പെടെയുള്ള ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുക.

Back to top button
error: