HealthLIFE

അഭിമാനം ഈ സര്‍ക്കാര്‍ ആശുപത്രി; ഒരുകോടിയുടെ മെഷിന്‍ വാടകയ്ക്കെടുത്ത് പതിമൂന്നുകാരന്റെ നടുവിന്റെ വളവുനിവര്‍ത്തി കോട്ടയം മെഡിക്കല്‍ കോളജ്; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ നടത്തിയത് സൗജന്യമായി!

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഇടപെടലില്‍ നിര്‍ധനകുടുംബത്തിലെ പതിമൂന്നുകാരന് ലഭിച്ചത് പുതുജീവിതം. പാലക്കാട് പട്ടാമ്പി ഉമ്പിടിയില്‍ കല്ലട പള്ളിയാലില്‍ പ്രസന്നകുമാറിന്റെ മകന്‍ പ്രണവി (13)ന്റെ നടുവിന്റെ വളവ് നിവര്‍ത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

സ്‌കോളിയോസിസ് ശസ്ത്രക്രിയയാണ് പ്രണവിന് നടത്തിയത്. മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് എന്ന രോഗമാണു നടുവിനു വളവുണ്ടാക്കുന്നത്. കൗമാരക്കാരില്‍ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസന്റ് ഇഡിയോ പത്തിക്ക് സ്‌കോളിയോസിസ് എന്നു പറയും. എന്നാല്‍, മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ ആവശ്യമാണ്.

Signature-ad

പ്രണവിന്റെ നെഞ്ചില്‍ ഒരു വലിയ വിടവുണ്ടായിരുന്നു. ഇതിനു ചികിത്സതേടിയാണ് ഒരു മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയാവിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവി ഡോ. ടി.കെ. ജയകുമാറിനെ കാണാന്‍ പ്രണവും കുടുംബവും എത്തിയത്. അപ്പോഴാണു പ്രണവിന്റെ ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായുള്ള വളവ് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. ജയകുമാര്‍ ഉടന്‍ തന്നെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ടി.ജി. തോമസ് ജേക്കബിനെ വിവരം അറിയിച്ചു. തുടര്‍ന്നു ഡോ. ടി.ജി. തോമസ്, പ്രഫ. ഡോ. സജേഷ് മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധനകള്‍ നടത്തുകയും കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയുമായിരുന്നു.

പെയിന്റ്ിങ് തൊഴിലാളിയായ പ്രസന്നന്‍ കുടുംബ സമേതം വാടകയ്ക്കാണു കഴിയുന്നത്. നിര്‍ധന കുടുംബം ആയതിനാല്‍ ചികിത്സയ്ക്ക് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടെയാണ് ഡോക്ടര്‍മാരും കോട്ടയം മെഡിക്കല്‍ കോളജും രക്ഷയ്‌ക്കെത്തിയത്. ഒരുകോടി രൂപ വിലമതിക്കുന്ന മെഷീന്‍ 25,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്താണ് സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. ഈ തുക ഇന്ന് ആശുപത്രി സൂപ്രണ്ട് സ്വകാര്യ കമ്പനിക്ക് നല്‍കും. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളജില്‍ രണ്ടു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ താലോലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രണവിന് സൗജന്യമായാണ് ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തിയത്.

വളരെ അത്യപൂര്‍വ്വമായ ശസ്ത്രക്രിയക്ക് ഡോ. ഷാജി മോന്‍, ഡോ. രാഹുല്‍, ഡോ അഖില്‍, ഡോ. ഗോവിന്ദ്, ഡോ. ഷീലാവര്‍ഗീസ്, ഡോ. റെജിമോള്‍, ഡോ. ബിന്‍സി, ഡോ. സോന എന്നിവര്‍ സഹായികളായി. നഴ്‌സുമാരായ ബ്രദര്‍ െഷെജു, രാഖി, പ്രഫ. ഡോ. ജബാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

 

Back to top button
error: