കോട്ടയം :പഴയ പത്രങ്ങൾ നിങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ കിലോയ്ക്ക് 30 രൂപ വരെ ലഭിക്കും.
കൊവിഡിന് മുൻപ് കിലോഗ്രാമിന് 10-13 രൂപയായിരുന്ന പഴയ പത്രത്തിന്‍റെ വില ഇപ്പോള്‍ കുതിച്ചുയരുകയാണ്.ഇടയ്ക്ക് 32-33 രൂപ വരെ വര്‍ധിക്കുകയും ചെയ്തു.ആഗോളതലത്തില്‍ കടലാസുകളുടെ കടുത്ത ക്ഷാമമാണ് പഴയ പത്രങ്ങളെ ‘സ്വര്‍ണ്ണ വില’യിലേക്ക് എത്തിച്ചത്.
കടലാസ് ക്ഷാമം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം പഴയ പത്രം, പേപ്പര്‍, കാര്‍ട്ടണ്‍ ബോക്സുകള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ ഇ-കൊമേഴ്സ് ബിസിനസിലെ കുതിച്ചുചാട്ടത്തോടെ, ഭക്ഷണം, ഗാഡ്ജറ്റുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വീടുകളില്‍ എത്തിക്കുന്ന കാര്‍ട്ടണ്‍ ബോക്സുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്. പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും കടലാസിനെ ചെലവേറിയതാക്കി മാറ്റിയിട്ടുണ്ട്.