ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത പ്രഖ്യാപിച്ച് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍. കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം സെപ്റ്റംബര്‍ 1 മുതല്‍ പുനസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയര്‍ ഇന്ത്യയെ ആറുമാസം മുന്‍പാണ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ജീവനക്കാരുടെ 75 ശതമാനം ശമ്പളം ഇതിനു മുന്‍പ് ടാറ്റ ഗ്രൂപ് പുനഃസ്ഥാപിച്ചിരുന്നു. ജീവനക്കാരുമായുള്ള ചര്‍ച്ചയില്‍ 2022 സെപ്റ്റംബര്‍ 1 മുതല്‍ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ അറിയിക്കുകയായിരുന്നു.
കോവിഡ് എയര്‍ലൈന്‍ വ്യവസായത്തെ സാരമായി ബാധിച്ചതിനാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്പളം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് എയര്‍ലൈന്‍ നീങ്ങിയിരുന്നു. വീണ്ടും ശമ്പളം പുനസ്ഥാപിക്കുന്ന പ്രഖ്യാപനം വന്‍ പ്രതീക്ഷയാണ് ജീവനക്കാര്‍ക്കു നല്‍കുന്നത്.
എയര്‍ ഇന്ത്യയില്‍ ആകെ 12,085 ജീവനക്കാരുണ്ട്, അവരില്‍ 8,084 പേര്‍ സ്ഥിരം ജോലിക്കാരും 4,001 പേര്‍ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 എയര്‍ ഇന്ത്യ ജീവനക്കാരാണ് വിരമിക്കാനൊരുങ്ങുന്നത്.
കൂടുതല്‍ വളര്‍ച്ച ഈ വര്‍ഷം ലക്ഷ്യമിടുന്ന എയര്‍ ഇന്ത്യ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലേക്ക് കഴിഞ്ഞ മാസം കടന്നിരുന്നു. പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏറ്റവും വലിയ കരാറാണ് അത്. 300 ചെറിയ ജെറ്റുകള്‍ ആണ് എയര്‍ ഇന്ത്യ വാങ്ങാന്‍ പദ്ധതി ഇടുന്നത്.
ടാറ്റ സണ്‍സിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. എയര്‍ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. 1932 ല്‍ ടാറ്റ എയര്‍ലൈന്‍സായി ജെആര്‍ഡി ടാറ്റയാണ് എയര്‍ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നല്‍കിയത്.
അന്ന് ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു പേരെങ്കിലും 1946 ല്‍ എയര്‍ ഇന്ത്യയെന്ന് പുനര്‍നാമകരണം ചെയ്തു. 1953 ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തിയതോടെയാണ് എയര്‍ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.