കൊച്ചി: ഞായർ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാർ സഭ. ഫയല്‍ തീര്‍പ്പാക്കാന്‍ എന്ന പേരില്‍ ചില വകുപ്പുകള്‍ ആവര്‍ത്തിച്ച് ഉത്തരവിറക്കുകയാണ്. ഇത് പുനപരിശോധിക്കണം എന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. ഞായറാഴ്ച പരീക്ഷകൾ ക്രമീകരിക്കുന്നത് ക്രൈസ്തവരുടെ അവസരം ഇല്ലാതാകും. ഇതിന് പിന്നിൽ ചില നിക്ഷിപ്ത താല്പര്യമുണ്ട്. ഇത്തരം നീക്കം തിരിച്ചറിഞ്ഞ് തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. അതേസമയം വിഴിഞ്ഞം സമരത്തിന് സിറോ മലബാര്‍ സഭ സിനിഡ് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വന്‍കിട കമ്പനികള്‍ക്കായി തീരവാസികള്‍ കുടിയൊഴിക്കപ്പെടുകയാണ്. സമരത്തിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യുന്ന നടപടി അപലപനീയമെന്നും സിറോ മലബാര്‍ സഭ കുറ്റപ്പെടുത്തി.
സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായ മെത്രാന്മാർ കൂടി. മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സിറോ മലബാർ സഭയുടെ മുപ്പതാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്.
ഇവരുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപ്പാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതി വഴി ലഭിച്ചിരുന്നു. നിയുക്ത സഹായ മെത്രാന്മാരെ ചടങ്ങിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ഇവരുടെ മെത്രാഭിഷേകത്തിന്‍റെ തിയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സീറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി. പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സമർപ്പിച്ച രാജി സിനഡിന്‍റെ അനുവാദപ്രകാരം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു.