തലശേരി നഗരസഭ പ്രതികാരബുദ്ധിയോടെ തങ്ങളുടെ ഫര്‍ണിച്ചര്‍ ഫാക്ടറി പൂട്ടിച്ചതിൽ മനംനൊന്ത് നാടുവിട്ട ദമ്പതികളെ കണ്ടെത്താനായില്ല. വ്യവസായ അവാര്‍ഡ് ജേതാക്കളായ രാജ്കബീര്‍(58) ഭാര്യ ശ്രീദിവ്യ(48) എന്നിവരെയാണ് രണ്ടു ദിവസമായി കാണാതായിരിക്കുന്നത്. ഇവര്‍ പാലക്കാടുവഴി കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്ന് പാനൂര്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
കൈയേറ്റം നടത്തി എന്നാരോപിച്ച് തലശേരി നഗരസഭ ഫര്‍ണിച്ചര്‍ കമ്പിനി അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ദമ്പതികള്‍ നാടുവിട്ടത്. തലശേരി നഗരസഭയിലെ എരഞ്ഞോളി വ്യവസായ പാര്‍ക്കിലാണ് ദമ്പതികള്‍ വ്യവസായ പാര്‍ക്ക് നടത്തിവന്നത്. ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്റെ ഉടമകളായ പ്രശസ്തബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെവീട്ടില്‍ രാജ്കബീര്‍, ഭാര്യ ശ്രീദിവ്യ എന്നിവരെയാണ് ചൊവ്വാഴ്ച്ച വൈകുന്നേരം മുതൽ കാണാതായത്.
മികച്ച വ്യവസായികളെന്ന നിലയില്‍ മന്ത്രി പി. രാജീവില്‍ നിന്നും കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ നോര്‍ത്ത്മലബാര്‍ ചേംബര്‍ കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ സംരഭകനാണ് രാജ്കബീര്‍. എരഞ്ഞോളിയില്‍ തലശേരി നഗരസഭയിലെ വ്യവസായ പാര്‍ക്കിലാണ് ദമ്പതികള്‍ ഫര്‍ണിച്ചര്‍ ഫാക്ടറി നടത്തിയിരുന്നത്.
പത്ത് ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ ഭൂമി കൈയേറി എന്നാരോപിച്ച് നഗരസഭ അടച്ചുപൂട്ടുകയായിരുന്നു. ഏഴു മുറികളുള്ള സ്ഥാപനത്തിന് ഏഴുപൂട്ടുകളാണ് ഇട്ടത്. മാത്രമല്ല ഇവര്‍ക്ക് നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ആ തുക ഗഡുക്കളാക്കി അടയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവുമായി എത്തിയ ദമ്പതികളോട് ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികരികളും കയര്‍ത്തു സംസാരിക്കുകയും അപമാനിച്ചുവിടുകയും ചെയ്തുവെന്നാണ് പരാതി.
ഇതോടെയാണ് അധികൃതരുടെ ക്രൂരമായ നടപടി ഇനി താങ്ങാനാവില്ല, ഞങ്ങള്‍ പോകുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട, ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവര്‍ക്ക് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഞങ്ങളുടെ മൊഴിയെന്ന തലക്കെട്ടോടെ നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തതിനു ശേഷം ദമ്പതികള്‍ നാടുവിട്ടത്.