ദില്ലി: വൈദ്യ പരിശോധനകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. യാത്ര സംബന്ധിച്ച് പ്രത്യേക തീയതിയോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ നാലിന് നടക്കുന്ന കോണ്‍ഗ്രസിന്റെ ‘മെഹംഗായ് പർ ഹല്ല ബോല്‍’ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുമെന്നും ചികിത്സയിലുള്ള അമ്മയെ കണ്ടതിന് ശേഷമേ ദില്ലിയില്‍ തിരിച്ചെത്തുകയുള്ളുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. രാഹുലും പ്രിയങ്കയുടെ സോണിയക്കൊപ്പം പോകുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ ഏഴിനാണ് തുടക്കമാകുന്നത്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് ഭാരത് ജോഡോ യാത്ര. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ് തീരുമാനം. അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോൺഗ്രസ് അധ്യക്ഷനാകാൻ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. വാർത്തയോട് പ്രതികരിച്ച് അശോക് ഗെലോട്ട് രംഗത്തെത്തി. കോൺഗ്രസിലെ ഹൈക്കമാൻഡ് ഇപ്പോൾ തനിക്ക് രാജസ്ഥാനിൽ ചുമതലകൾ നൽകിയിട്ടുണ്ടെന്നും അതിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് സംഭവം അറിയുന്നത്.
എനിക്ക് നേരിട്ട് ഇക്കാര്യം അറിയില്ല. എന്നെ ഏൽപ്പിച്ച കടമകൾ ഞാൻ നിറവേറ്റുകയാണെന്നും ഗെലോട്ടിനെ ഉദ്ധരിച്ച് എഎൻഐയെ റിപ്പോർട്ട് ചെയ്തു. നിലവിൽ എനിക്ക് ഹൈക്കമാൻഡ് ചുമതല നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനാണ് ഞാൻ. രാജസ്ഥാനിലെ എന്റെ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യില്ല. മറ്റു വാർത്തകൾ മാധ്യമങ്ങളിൽ നിന്നാണ് കേൾക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു.