കൊച്ചി: പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യ ഉത്തരവില്‍ സെഷന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്.
കോടതിയുടെ നിരീക്ഷണം പട്ടികജാതി/വര്‍ഗ വിഭാഗത്തെ അതിക്രമിക്കുന്നതിനെതിരേയുള്ള നിയമത്തിനെതിരാണ്. കേസിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദം കാരണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
സുഹൃത്തുക്കള്‍ക്കൊപ്പം കൊയിലാണ്ടി നന്തിയില്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരിയെ സിവിക് നിര്‍ബന്ധപൂര്‍വം കടന്നു പിടിച്ചെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമായിരുന്നു പരാതി. പട്ടികജാതിക്കാരിയാണെന്നു വ്യക്തമായി മനസ്സിലാക്കിയാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നും പരാതിയിലുണ്ട്. അതിനാല്‍ സിവിക്കിനെതിരേ പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കെതിരായ അക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തത്. എന്നാല്‍ ഈ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ കോടതിയുടെ കണ്ടെത്തല്‍.
ജാതിവ്യവസ്ഥയ്‌ക്കെതിരേ നിരന്തരം പോരാടുന്ന സിവിക് ചന്ദ്രന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പോലും ജാതി രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരാള്‍ പട്ടികജാതിക്കാരിക്കു നേരെ ബോധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്നു വിശ്വസിക്കാനാകില്ലെന്നായിരുന്നു ഇതിനു വിശദീകരണമായി പറഞ്ഞിരുന്നത്. പരാതിക്കാരിയുടെ വസ്ത്രത്തെ സംബന്ധിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ സെഷന്‍സ് കോടതി നടത്തിയ ഈ പരാമര്‍ശവും പുറത്തുവരുകയും വിവാദമാകുകയും ചെയ്തിരുന്നു.