തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിമാരായ ആന്റണി രാജു, അബ്ദുറഹ്‌മാന്‍ എന്നിവരെ കൂടാതെ തിരുവനന്തപുരം ജില്ലാ കളക്ടര്‍, ഫിഷറീസ് വകുപ്പ് മേധാവിമാര്‍ എന്നിവരും സംബന്ധിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സമരക്കാരെ പ്രതിനിധീകരിച്ച് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ 9 അംഗ സംഘം ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പുനരധിവാസമടക്കം ക്ഷേമ പദ്ധതികളില്‍ ഊന്നി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ആകുമോ എന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരക്കാര്‍ക്ക് ഏഴ് ആവശ്യങ്ങളുണ്ട്.തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന പ്രധാന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ പിന്നോട്ടുപോകാനിടയില്ല. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്ന് ആവശ്യം അംഗീകരിക്കാനാവില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. രണ്ടരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അനുകൂല പ്രതികരണമാണ് മന്ത്രിമാരില്‍ നിന്നുണ്ടായതെന്ന് സമരസമിതി നേതാവും ലത്തീന്‍ അതിരൂപത വികാരിയുമായ ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.
യൂജിന്‍ പെരേരയുടെ വാക്കുകള്‍:
ഏഴ് വിഷയങ്ങള്‍ മുന്നില്‍ നിര്‍ത്തിയാണ് ഈ സമരം. ഇന്നത്തെ ചര്‍ച്ചയില്‍ ഈ ഏഴ് വിഷയങ്ങളും പ്രത്യേകം എടുത്ത് ചര്‍ച്ച ചെയ്തു. ക്യാംപുകളില്‍ കഴിയുന്ന എല്ലാവരേയും ഓണത്തിന് മുന്‍പായി വാടക വീട്ടിലേക്ക് മാറ്റാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ കുടുംബങ്ങളെ സ്ഥിരമായി പാര്‍പ്പിക്കാന്‍ സംവിധാനമൊരുക്കും. മുട്ടത്തറ 17.5 ഏക്കര്‍ സ്ഥലം ഭവനപദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. വേറെയും സ്ഥലം ഇതിനായി കണ്ടെത്തും.
മണ്ണെണ്ണയുടെ കാര്യം സാമ്പത്തിക ബാധ്യത കൂടി വരുന്ന വിഷയമായതിനാല്‍ മുഖ്യമന്ത്രിയോട് കൂടി ചര്‍ച്ച ചെയ്ത് മന്ത്രിസഭയില്‍ തീരുമാനമെടുക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. മുതലപ്പൊഴിയുടെ കാര്യത്തിലും വേണ്ട നടപടി സ്വീകരിക്കാം എന്ന് മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുമായി സഹകരിച്ചും കൂടിയാലോചിച്ചും പരിഹാരം കണ്ടെത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മത്സ്യബന്ധം വിലക്കുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതി നടപ്പാക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്.
തുറമുഖ നിര്‍മ്മാണം മൂലം ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍ വീട്ടില്‍ കേറി കുറ്റിയടിക്കുന്ന വിഷയവും മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നടപടിയും പാടില്ലെന്നാണ് മന്ത്രി പറഞ്ഞത്. വിഴിഞ്ഞം ഭാഗത്തെ മതില്‍ നിര്‍മ്മാണത്തിലും ഇതേ നിലപാട് ആണ് മന്ത്രി സ്വീകരിച്ചത്.
തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറിയ ശേഷമേ മത്സ്യത്തൊഴിലാളികള്‍ സമരമുഖത്ത് നിന്നും പിന്മാറൂ എന്ന് മന്ത്രിമാരേയും കളക്ടറേയും ഫിഷറീസ് വകുപ്പ് മേധാവിമാരേയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും. തിരുവന്തപുരം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്താകെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്.
സമരക്കാരുടെ ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ചു: മന്ത്രി
ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ചെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ടെ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച മണ്ണെണ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്രമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. സമരം നിര്‍ത്തിവയ്ക്ഖണമെന്ന് സര്‍ക്കാര്‍ അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള 300 ഓളം വീടുകളുടെ നിര്‍മാണത്തിന് തടസം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും മന്ത്രി പറഞ്ഞു.