KeralaNEWS

സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനും ന്യായീകരണ തൊഴിലാളികള്‍ക്കും സമര്‍പ്പിക്കുന്നു: കെ.ടി. ജലീല്‍

മലപ്പുറം: സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനും ന്യായീകരണ തൊഴിലാളികള്‍ക്കും മാധ്യമങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂടിയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. സ്വപ്നയ്‌ക്കെതിരെ പരാതി നല്‍കിയ തന്നെ വേട്ടയാടി. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒപ്പം തന്നേയും അപമാനിക്കാനും താറടിക്കാനുമുള്ള കേസാണ് നല്‍കിയത്. ആ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

Signature-ad

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം

സ്വര്‍ണ്ണക്കടത്തുമായോ ഡോളര്‍ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജല്‍പ്പനങ്ങള്‍ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സര്‍ക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച ‘ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്തു’ കേസിലെ പ്രതികള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിന്‍മേല്‍ പോലീസിന് അന്വേഷണം തുടരാം.

ഞാന്‍ നല്‍കിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികള്‍ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനല്‍ അവതാരകര്‍ക്കും അന്തിച്ചര്‍ച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികള്‍ക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമര്‍പ്പിക്കുന്നു.

 

Back to top button
error: