തഞ്ചാവൂര്‍: തമിഴ്‌നാട് മയിലാടുംതുറയില്‍ ഗുണ്ടാനിയമപ്രകാരം റിമാന്‍ഡിലായിരുന്ന യുവാവിനെ ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെ വെട്ടിക്കൊന്ന സംഭവത്തില്‍ 13 പേര്‍ അറസ്റ്റില്‍. കൊലയാളി സംഘത്തില്‍ ഒരാള്‍ സിപിഎം പ്രവര്‍ത്തകനും മറ്റൊരാള്‍ തമിഴ് ഈലം പ്രവര്‍ത്തകനുമാണ്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്. വണ്ണിയര്‍ സംഘം മുന്‍ നേതാവ് കൂടിയായ മയിലാടുംതുറ കോതത്തെരു സ്വദേശി കണ്ണന്‍ എന്ന യുവാവിനെ ഇന്നലെ രാത്രിയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായി ജയിലിലായിരുന്ന കണ്ണനെ മുന്‍വൈരാഗ്യമുള്ള കതിരവന്‍ എന്നയാളുടെ നേതൃത്വത്തിലാണ് മുഖത്തും നെഞ്ചിനും തുരുതുരാ വെട്ടിയാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇന്നലെ തന്നെ പൊലീസിന് പ്രതികളുടെ വ്യക്തമായ വിവരം ലഭിച്ചിരുന്നു. മുഖ്യപ്രതി കതിരവന്‍ അടക്കം കൊലയാളി സംഘത്തിലെ 13 പേരെ വിവിധയിടങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനായ ദുരൈക്കണ്ണ്, തമിഴ് ഈലം പ്രവര്‍ത്തകന്‍ പ്രഭാകരന്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും അറസ്റ്റിലായിട്ടുണ്ട്. 12 പ്രതികളേയും കനത്ത പൊലീസ് സുരക്ഷയില്‍ മയിലാടുതുറൈ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ കറക്ഷന്‍ ഹോമിലേക്ക് മാറ്റി. രാഷ്ട്രീയപ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണെങ്കിലും കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്റെ നിഗമനം. ആറ് മാസം മുമ്പ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പ്രധാന പ്രതി കതിരവനുമായി ഉണ്ടായ അടിപിടിയെത്തുടര്‍ന്നാണ് കണ്ണന്‍ അറസ്റ്റിലായത്.
കണ്ണന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ഉടന്‍, മുമ്പ് മര്‍ദ്ദനമേറ്റ പകയില്‍ കതിരവന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ സമുദായ സംഘടനയായ വണ്ണിയര്‍ സംഘം നേതാവുകൂടിയായതുകൊണ്ട് പ്രദേശത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകരും വണ്ണിയര്‍ സംഘം പ്രവര്‍ത്തകരും നഗരത്തില്‍ സംഘടിച്ച സാഹചര്യത്തില്‍ നഗരപരിധി കര്‍ശനമായ പൊലീസ് സുരക്ഷയിലാണ്. നഗരത്തിലെ മദ്യശാലകളെല്ലാം അടച്ചിടാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സാഹചര്യം ശാന്തമാക്കാന്‍ വണ്ണിയര്‍ സംഘം നേതാക്കളും പ്രദേശം സന്ദര്‍ശിച്ചു. തഞ്ചാവൂര്‍ ഡിഐജി എ കയല്‍വിഴി മയിലാടുംതുറയില്‍ ക്യാമ്പ് ചെയ്യുകയാണ്.