CrimeNEWS

ഐ.ഇ.എല്‍.ടി.എസ്. പാസാകാതെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്ത് അഞ്ചുകോടി തട്ടി: മുഖ്യപ്രതി പിടിയില്‍

മൂവാറ്റുപുഴ: ഐ.ഇ.എല്‍.ടി.എസ്. പാസാകാതെ കാനഡയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹില്‍ ഭാഗത്ത് കരിക്കുളം വീട്ടില്‍ ഡിനോ ബാബു സെബാസ്റ്റിയനാ(31)ണ് പിടിയിലായത്.

മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരിലായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നായി അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

Signature-ad

2019 മുതല്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിച്ചുവന്ന സ്ഥാപനത്തെപ്പറ്റി വ്യാപക പരാതി ഉയര്‍ന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ ഒളിവില്‍ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തില്‍നിന്നാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. രാജേഷ്, ക്രൈം സ്‌ക്വാഡ് എസ്.ഐ.മാരായ കെ.കെ. രാജേഷ്, രാകേഷ്, ഇ.ആര്‍. ഷിബു, എ.എസ്.ഐ: പി.സി. ജയകുമാര്‍, സീനിയര്‍ സി.പി.ഒ: ബിബില്‍ മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്തേക്കു കടക്കുകയും ഒളിവില്‍ പോകുകയും ചെയ്ത മറ്റു പ്രതികള്‍ക്കെതിരേ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Back to top button
error: