KeralaNEWS

വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി; കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം സമരത്തിന് പിന്നില്‍ എന്ന് പരിശോധിക്കണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്ത്. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം സമരത്തിന് പിന്നിൽ എന്ന് പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണം. സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ധരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു. ഗവർണർ ആർഎസ്എസിന്റെ താൽപര്യമനുസരിച്ചല്ല പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണ്ണറുമായി ആർഎസ്എസ് നേതാക്കളോ ബിജെപി പ്രവർത്തകരോ ആശയവിനിമയം നടത്താറില്ല. ചട്ടം ലംഘിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുന്ന ജോലിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്.

Signature-ad

രാജ്ഭവനെ വലിച്ചിഴച്ച് അഴിമതിയെ മറയ്ക്കാൻ ശ്രമിക്കരുത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നിലപാട് തിരുത്തുകയാണ് വേണ്ടത്. രാജ്ഭവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓർഡിനൻസ് രാജ് കൊണ്ടുവന്ന് നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, വിഴിഞ്ഞത്ത് മൂന്നാം ദിവസവും തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ ഇന്ന് തുറമുഖ കവാടത്തിൽ കൊടി ഉയർത്തി. സമരക്കാർക്ക് പിന്തുണയുമായി. പ്രതിപക്ഷനേതാവ് വിഴിഞ്ഞത്തെത്തി. മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ അദാനി ഗ്രൂപ്പ് പ്രശ്നം പരിഹരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ അറിയിച്ചു.

സമരം സർക്കാരിന് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ഒത്ത് തീർപ്പ് നീക്കങ്ങളും ശക്തമാണ്. പുനരധിവാസ പ്രശ്നം പരിഹരിക്കാൻ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ കണക്കെടുക്കാൻ ജില്ലാ കലക്ടര്‍ നിർദ്ദേശിച്ചിട്ടുണ്ട്. ശശി തരൂരും പ്രശ്നപരിഹാരത്തിന് ഇടപെടുന്നുണ്ട്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം കേരളത്തിൽ തീരേണ്ടതാണെന്നും ദില്ലിയിൽ പ്രത്യേക ചർച്ചയുടെ ആവശ്യമില്ലെന്നും ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. സർക്കാരിൻ്റെ നിലപാട് സമരക്കാർ മനസിലാക്കേണ്ടതാണ്. വിഷയത്തിൽ കാര്യം മനസിലാക്കാതെ പ്രതിപക്ഷം ചാടിക്കേറി പിന്തുണ നൽകിയെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു. ചർച്ചക്ക് വിളിച്ചില്ലെന്ന് പറയുന്ന സമരക്കാർ സ്വന്തം മൊബൈൽ ഫോൺ ആദ്യം പരിശോധിക്കണം. പുനരധിവാസത്തിന് അധികമായി വേണ്ട 3 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 22-ന് യോഗം നടക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നമ്മുക്ക് ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. സമരക്കാർ യാഥാർത്ഥ്യം മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: