ആലപ്പുഴ: പുന്നപ്രയിയിലെ നന്ദുവിന്‍റെ മരണം കൊലപാതകം ആണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐയും ലഹരി മാഫിയയുമാണ് പിന്നില്‍. പുറത്തുവന്ന നന്ദുവിന്‍റെ ഓഡിയോ ഡിലീറ്റ് ചെയ്ത് കളയാൻ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു. വിഷയം ഡിജിപിയുടെ മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. ലഹരി മാഫിയക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മും ഡിവൈഎഫ്ഐയും ആണെന്നും സതീശൻ പറഞ്ഞു.
മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ ഡിവൈഎഫ്ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പില്‍ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സംഘത്തിന്‍റെ ആഘോഷം നടന്നിരുന്നു.
നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച നന്ദുവിനെയും ഡിവൈഎഫ്ക്കാര്‍ മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്‍ന്നു. ഇതിനിടയില്‍ ട്രെയിനിന് മുന്നില്‍ പെട്ട് മരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായിരുന്ന ബന്ധു സജു പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും തങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് നന്ദുവിന്‍റെ അഛന്‍ ബൈജു പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നുമാണ് പുന്നപ്ര പൊലീസിന്‍റെ വിശദീകരണം.