ആലപ്പുഴ: ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന്‍ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡിവൈഎഫ്ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരടങ്ങുന്ന സംഘത്തിന്റെ ആഘോഷം നടന്നിരുന്നു. നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലിയാണ് സംഘര്‍മുണ്ടായത്. സുഹൃത്തുക്കളെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിക്കുന്നത് നന്ദു ചോദ്യം ചെയ്തു.
ഇതാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നന്ദുവിനെതിരേ തിരിയാനുള്ള കാരണമെന്നാണ് പറയുന്നത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്‍ന്നുവെന്നും ദൃക്സാക്ഷിയായിരുന്ന ബന്ധു സജു പറഞ്ഞു. പിന്നീട് രാത്രിയാണ് നന്ദുവിനെ ട്രെയിന്‍ മുട്ടിയ നിലയില്‍ കാണുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നന്ദുവിന്റെ അച്ഛന് ബൈജു ആരോപിച്ചു.
ട്രെയിനിടിക്കുന്നതിന് തൊട്ടു മുമ്പ് നന്ദു വീട്ടുകാരുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തല്ലിയെന്നും അവര്‍ വീട്ടിലും വന്ന് ആക്രമിക്കുമെന്നും നന്ദു ചേച്ചിയോട് പറയുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടരുന്നുണ്ടെന്നുമാണ് പുന്നപ്ര പൊലീസിന്റെ വിശദീകരണം.