NEWS

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ അണിഞ്ഞൊരുങ്ങി നാടും നഗരവും

റാന്നി :സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം.
ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
കൊവിഡ് മഹാമാരിയും പ്രളയവും കാരണം കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. നാടൊട്ടുക്കും നടന്നിരുന്ന ശോഭായാത്രകളും മുടങ്ങിയിരുന്നു. കൊവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും പ്രത്യാശയുടെ തെളിഞ്ഞ അന്തരീക്ഷത്തിലാണ് 2022 ലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.
ഗോപന്‍മാരും ഗോപികമാരും ഗോകുലവും പുനര്‍ജനിക്കുന്ന മനോഹരമായ കാഴ്ചകള്‍… ഗോവര്‍ദ്ധന ഗിരിയിലെ മര്‍ത്തശിഖി നൃത്തവും, ഗോവര്‍ദ്ധന പൂജയും, നീലക്കടമ്പും, കാളിന്ദിയും, കാളീയ മര്‍ദ്ദനവും, പൂതനാമോക്ഷവും, വൃന്ദാവനവും, ആമ്പാടിയും, ഗോപന്‍മാരും-ഗോപികമാരും, രാധയും-രാസലീലയും, ഗോരസങ്ങളും പേറി അക്രൂരന്റെ രഥത്തിലേറിയുള്ള മഥുരാ യാത്രയും, കംസ വധവും, കുരുക്ഷേത്ര ഭൂമിയില്‍ മുഴക്കിയ ശാന്തിയുടേയും സമാധാനത്തിന്റെയും സംഹാരത്തിന്റെയും പാഞ്ചജന്യ ധ്വനിയും ഇന്ന് രാജ്യത്തിന്റെ തെരുവുകളിൽ പുനര്‍ജനിക്കും.
വ്രതശുദ്ധിയുടെ നിറവില്‍ മനസിലും ചുണ്ടിലും കൃഷ്ണ മന്ത്രം ഉരുവിട്ടു കൊണ്ട് ഭഗവാന്റെ ലീലകളെ അനുസ്മരിപ്പിക്കുന്ന ഉണ്ണിക്കണ്ണന്‍മ്മാരും ഗോപിക – ഗോപന്‍മാരും അണിനിക്കുന്ന ശോഭാ യാത്രകള്‍ കേരളത്തിന്റെയും പരമ്പരാഗത ആഘോഷങ്ങളില്‍ ഒന്നാണ്.

Back to top button
error: