NEWS

മൺസൂൺ മഴയിൽ കുറവ്

ന്യൂഡൽഹി: ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ലഭിച്ചത് ശരാശരി മഴയെക്കാള്‍ കുറവെന്ന് കാലവസ്ഥ വകുപ്പ്.
ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗ്രാഫിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
ഇക്കാലയളവിൽ ലഭിക്കേണ്ട മഴയിൽ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് മഴ ഉത്തര്‍പ്രദേശിലാണ്. ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 44 ശതമാനം കുറവാണ് മഴ സംസ്ഥാനത്ത് ലഭിച്ചത്.
ബിഹാറാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വലിയ തോതില്‍ മഴ കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനം. മഴയില്‍ 39 ശതമാനം കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ ഈ കാലയളവില്‍ രേഖപ്പെടുത്തിയത് ശരാശരി മഴയേക്കാള്‍ 19 ശതമാനം കുറവാണ്. അതേസമയം തമിഴ്നാട്, തെലങ്കാന രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അധിക മഴ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button
error: