രാമച്ചം കൃഷിയിലൂടെ മികച്ച വരുമാനവും നേടാം
വെറ്റിവേര്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന രാമച്ചത്തിന്റെ ശാസ്ത്രീയനാമം ക്രൈസോപോഗോന്‍ സൈസാനിയോയിഡെസ് എന്നാണ്. രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ കൂട്ടായി വളരുന്ന ചെടികളാണ് രാമച്ചം. ഇവയുടെ വേരുകള്‍ മൂന്നു മീറ്റര്‍ വരെ ആഴത്തില്‍ വളരും. പ്രളയകാലത്ത് മണ്ണിടിഞ്ഞും മണ്ണൊലിച്ചുപോയും കൃഷിഭൂമി താറുമാറായി പോയിട്ടുണ്ടെങ്കില്‍ കരുതലിന്റെ ജൈവവേലിയായി രാമച്ചം ഉപയോഗിക്കാം. കര്‍ഷകര്‍ക്ക് കൃഷിഭൂമി സംരക്ഷിക്കുന്നതിനൊപ്പം മികച്ച വരുമാനം നേടാനും രാമച്ചം സഹായിക്കും.
മണ്ണിടിയുമെന്നു ഭയക്കുന്ന മലഞ്ചരിവുകളിലും തട്ടുതട്ടുകളായുള്ള കൃഷിഭൂമിയിലും കൃഷിഭൂമിയുടെ തട്ടിന്റെ അറ്റത്ത് അല്ലെങ്കില്‍ അതിന്റെ വരമ്പത്താണ് രാമച്ചം പിടിപ്പിക്കേണ്ടത്. അല്ലെങ്കില്‍ കൃഷിഭൂമിയുടെ അതിരു തിരിക്കാനുള്ള വേലിയായി വച്ചു പിടിപ്പിക്കണം. ഒരാള്‍പ്പൊക്കത്തിലേറെ ഉയരത്തില്‍ അടുത്തടുത്തു വളരുന്നതിനാല്‍ ഇത് നല്ല വേലിയായി നിലകൊള്ളും. ചെടികളുടെ കമ്പുകള്‍ ചേര്‍ന്നു നില്ക്കുന്നതിനാല് ഇതിനിടയില്‍കൂടി അകത്തു കടക്കുന്നതും നൂഴ്ന്നു കടക്കുന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മികച്ച സംരക്ഷണ ഭിത്തിയായും ജൈവവേലിയായും ഇതു നിലനില്ക്കും.
സാധാരണ പുല്‍ച്ചെടികളുടെ വേരുകള്‍ അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മേല്‍പ്പരപ്പില്‍ മാത്രം പടരുമ്പോള്‍ രാമച്ചത്തിന്റെ വേരുകള്‍ മൂന്നുമീറ്റര്‍ വരെ ആഴത്തിലേക്ക് ഇറങ്ങും. അതും ഇടതൂര്‍ന്ന്, പടര്‍ന്നു പടര്‍ന്ന്. പല രാമച്ച ചെടികളുടെ വേരുകള്‍ ഇറങ്ങിയിറങ്ങി മണ്ണിനകത്ത് നേരിയ വലക്കണ്ണികള്‍കൊണ്ട് വിതാനിച്ചതുപോലെ ഇതു നില്ക്കും. മണ്ണിടിച്ചില്‍ തടയാന്‍ സിവില്‍ എന്‍ജിനീയറിങ് മേഖലയില്‍ ഉപയോഗിക്കുന്ന ഗാബിയോണ്‍ വലക്കണ്ണികളേക്കാള് സുശക്തമായി, ‘വളരുന്ന വലകളായി’ ഇവ നിലനില്ക്കും. അതുകൊണ്ടുതന്നെ തട്ടിടിഞ്ഞും മണ്ണിടിഞ്ഞും അപകടം ഉണ്ടാവുകയില്ല എന്നുറപ്പിക്കാം. ഗാബിയോണുകള്‍ കാലം കഴിയുമ്പോള്‍ നശിക്കുമ്പോള്‍ രാമച്ച വേര്വലകള് വളര്‍ന്നുകൊണ്ടേയിരിക്കും. പത്തുമുതല്‍ പതിനഞ്ചു വര്‍ഷം വരെ ഈ വേരുകളും ചെടികളും വളരും. ഓരോ മൂന്നു വര്‍ഷം കഴിയുമ്പോഴും പുതിയ ചെടികള്‍ വച്ചുപിടിപ്പിക്കുകയും പഴയവ ഇടവിട്ടിടവിട്ട് വെട്ടിമാറ്റുകയും ചെയ്താല്‍ ഈ വേര്വലവേലികള് കാലങ്ങളോളം സുശക്തമായി നിലനിര്‍ത്താം.
ഇങ്ങനെ വെട്ടിമാറ്റുന്ന വേരുകള്‍ ഉണക്കി വില്പനയ്ക്കു തയ്യാറാക്കാം. വേരില്‍ നിന്നെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണമുള്ളതിനാല്‍ നല്ല വില ലഭിക്കും. കുട്ട നെയ്യാനും വട്ടി ഉണ്ടാക്കാനും ഈ വേരുകള്‍ ഉപയോഗിക്കാം. രാമച്ച വിശറി തണുപ്പേകാന്‍ പ്രസിദ്ധമാണ്. തുകൊണ്ടുതന്നെ വെട്ടി മാറ്റുന്ന രാമച്ച വേരുകള്‍ക്ക് നല്ല വില ലഭിക്കും. ഉത്തരേന്ത്യയില്‍ പലയിടത്തും വീടുകളുടെ മേല്‍ക്കൂര മേയാനും. രാമച്ചം ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ രാമച്ചംമേഞ്ഞ മേല്‍ക്കൂരയോടെയുള്ള ആയുര്‍വേദ ടൂറിസ്റ്റ് ഹട്ടുകള്‍ക്ക് ഭാവിയില്‍ വിപണി സാദ്ധ്യത ഉണ്ടാക്കാം.
കേരളത്തില്‍ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മലമ്പ്രദേശത്ത് രാമച്ചം കൃഷി ചെയ്യാവുന്നതാണ്. രാമച്ചം മാത്രമായി കൃഷി ചെയ്യുന്നതിനു പകരം മറ്റു കൃഷികളുള്ള കൃഷിഭൂമിയുടെ അതിരുകാക്കാന്‍ രാമച്ചത്തെ ഏല്‍പ്പിക്കുന്നതാണ് മണ്ണിനും മണ്ണില്‍നിന്നുള്ള വരുമാന വര്‍ദ്ധനവിനും നല്ലത്. ഒരു കിലോഗ്രാം രാമച്ചവേരിന് ഇപ്പോഴത്തെ വിപണി വില ഏകദേശം 900 രൂപയാണ്. കര്‍ഷകര്‍ക്ക് അതിന്റെ മൂന്നിലൊന്നു കിട്ടിയാല്‍ പോലും ഇത് ആദായകരവും മികച്ച വരുമാന മാര്‍ഗവുമാവും. കാരണം, പ്രത്യേകിച്ച് ഒരു കരുതലും നല്‍കാതെ തന്നെ രാമച്ചം നിങ്ങളെ കരുതിക്കോളും.