ജയ്പൂര്‍: രാജസ്ഥാനിൽ അധ്യാപകർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് മർദ്ദനമേറ്റ ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം. കുട്ടിയുടെ മരണത്തിൽ പ്രതിഷേധം കനത്തതോടെ പ്രദേശത്ത് ഇന്റര്നെറ്റ് വിച്ഛേദിച്ചു. സംഘർഷ സാധ്യത ഒഴിവാക്കാനാണ് നടപടി. കുട്ടിയുടെ കുടുംബത്തിന് രാജസ്ഥാൻ സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസുകാരനാണ് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് മരിച്ചത്.
അധ്യാപകന് വേണ്ടി കരുതിവെച്ച കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപകൻ ചായിൽ സിംഗ് ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. അറസ്റ്റ് ചെയ്ത അധ്യാപകനെ ചോദ്യം ചെയ്ത് വരികയാണ്. ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20 നാണ് സംഭവം നടന്നത്.