തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പാന്‍ക്രിയാസ് ശസ്ത്രക്രിയക്കിടയില്‍ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറിനുള്ളില്‍ മറന്നു വച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ശസ്ത്രക്രിയാ ഉപകരണമായ ഫോര്‍സെപ്സ് ആണ് വയറിനുള്ളില്‍ മറന്നുവച്ചത്.
ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നല്‍കാം. ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മീഷന് അംഗം വി.കെ ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.
ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നല്‍കണമെന്നും അല്ലാത്തപക്ഷം പത്തുശതമാനം പലിശ നല്‍കേണ്ടി വരുമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയ ശേഷം കമ്മീഷനെ അറിയിക്കണം.
തൃശൂര്‍ കണിമംഗലം സ്വദേശി ഓട്ടോ റിക്ഷാ തൊഴിലാളിയായ ജോസഫ് പോള്‍ നല്കിയ പരാതിയിലാണ് നടപടി. 2020 മെയ് 5 നാണ് ജോസഫ് പോളിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയത്.
സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറില്‍ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ നടത്തിയ ശസ്ത്ര ക്രിയയില്‍ ഉപകരണം പുറത്തെടുത്തു. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. ഇതിനു ശേഷം ഡോ. എം എ ആന്‍ഡ്രൂസ് ചെയര്‍മാനായി ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്കി.
മെഡിക്കല്‍ ബോര്‍ഡും ഡോക്ടര്‍മാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തി. എന്നാല്‍ നഴ്സുമാരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ കമ്മീഷനെ അറിയിച്ചു.