CrimeNEWS

ഓൺലൈൻ റമ്മി കളിക്കാൻ ജൂവലറിയിൽനിന്ന് ജീവനക്കാരൻ കവർന്നത് ഒന്നരക്കിലോ സ്വർണം

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ റമ്മികളിക്കാനായി ജോലിചെയ്തിരുന്ന ജൂവലറിയില്‍നിന്ന് സൂപ്പര്‍വൈസര്‍ കവര്‍ന്നത് 55 ലക്ഷംരൂപ വരുന്ന 1.467 കിലോഗ്രാം സ്വര്‍ണം. കോയമ്പത്തൂര്‍ സലിവന്‍വീഥിയിലെ ജൂവലറിയിലെ സൂപ്പര്‍വൈസര്‍ വീരകേരളം സ്വദേശി ജഗദീഷ് (34) ആണ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്. ജൂവലറിയിലെത്തുന്ന സ്വര്‍ണം ആഭരണങ്ങളാക്കി തിരികെ എത്തിക്കുന്നതും ആഭരണങ്ങളില്‍ മുദ്രവെക്കുന്നതും ജഗദീഷിന്റെ ചുമതലയിലായിരുന്നു. മാനേജര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോഴാണ് ഒന്നരക്കിലോയോളം കുറവ് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയില്‍ സ്വര്‍ണം 37 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായി കണ്ടെത്തി.

മാനേജരുടെ പരാതിയില്‍ വെറൈറ്റി ഹാള്‍ പോലീസ് കേസെടുത്ത് അന്വേഷിണം നടത്തി. സ്വര്‍ണം മുഴുവന്‍ ഓണ്‍ലൈന്‍ റമ്മികളിച്ച് നഷ്ടപ്പെടുത്തിയതായി ജഗദീഷ് അറിയിച്ചു. കുറച്ചുമാസങ്ങളായി ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് ബില്ലുകള്‍ തയ്യാറാക്കുന്നതായും കംപ്യൂട്ടര്‍ കണക്കുകളില്‍ തിരിമറി നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ റമ്മിയില്‍ മുഴുകിയ ജഗദീഷ് ജൂവലറിയില്‍ എത്തിയാല്‍ കംപ്യൂട്ടറില്‍ മുഴുവന്‍സമയവും റമ്മികളിക്കയാണ് പതിവെന്ന് പറയുന്നു. റമ്മികളിയില്‍ രണ്ടുകോടിരൂപവരെ സമ്പാദിച്ചു. പണം കിട്ടിയതോടെ വീണ്ടും റമ്മികളിക്കാന്‍ ഇറങ്ങി.

Signature-ad

കളിച്ചുകിട്ടിയ രണ്ടുകോടിരൂപ നഷ്ടപ്പെട്ടതിന് പുറമേ മാസശമ്പളവും ഉപയോഗിച്ചു. കൈയില്‍ പണമില്ലാത്ത ദിവസങ്ങളില്‍ ജൂവലറിയില്‍നിന്ന് ഒരു പവന്‍ സ്വര്‍ണം ഇരുപതിനായിരംരൂപയ്ക്ക് വിറ്റഴിച്ചാണ് കളി തുടരുന്നത്. ഇയാളുടെ മൊബൈലില്‍ റമ്മിയില്‍നിന്നുള്ള വരുമാനവും നഷ്ടങ്ങളും കാണിക്കുന്ന കണക്ക് കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലില്‍ നഷ്ടപ്പെട്ട പണം റമ്മികളിച്ച് തിരിച്ചുനല്‍കാമെന്നും റമ്മികളിക്കാന്‍ അനുവദിക്കണമെന്നും കളിയില്‍ ലാഭനഷ്ടം സാധാരണയാണെന്നും ജഗദീഷ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലടച്ചു.

Back to top button
error: