IndiaNEWS

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് പുതിയ കമ്മിഷനെ നിയമിക്കില്ല; ക്ഷാമബത്ത വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം

ദില്ലി: എട്ടാം ശമ്പളക്കമ്മിഷനെ ഉടന്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2026 ജനുവരി ഒന്നിന് പരിഷ്‌കരിച്ച ശമ്പളം നല്‍കണമെങ്കില്‍ ഇപ്പോള്‍ ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കണം.

എന്നാല്‍ എട്ടാം കേന്ദ്ര ശമ്പളകമ്മിഷന്‍ രൂപീകരിക്കുന്നതിനായി ഒരു നീക്കവും സര്‍ക്കാര്‍ പരിഗണനയിലില്ല എന്ന് പങ്കജ് ചൗധരി വ്യക്തമാക്കി. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഉണ്ടാകുന്ന മൂല്യച്യുതി പരിഹരിക്കാന്‍ ക്ഷാമബത്ത ഉയര്‍ത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ആറു മാസത്തിലും രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം അടിസ്ഥാനമാക്കി ക്ഷാമബത്ത ഉയര്‍ത്തുമെന്നാണ് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയത്.

Signature-ad

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടനയില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ ചെയ്യുന്നതിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ബോഡിയാണ് ശമ്പള കമ്മിഷന്‍. 1946 ജനുവരിയില്‍ ആണ് ആദ്യ ശമ്പളക്കമ്മിഷന്‍ രൂപീകരിച്ചത്. ശ്രീനിവാസ വരദാചാര്യരുടെ അധ്യക്ഷതയിലുള്ള കമ്മിഷന്‍ 1947 മേയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സിവില്‍, സൈനിക വിഭാഗങ്ങളുടെ ശമ്പള ഘടന അവലോകനം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് കമ്മിഷന്‍ ചെയ്യുക. ക്ഷാമബത്ത (ഡിഎ), ഫിറ്റ്മെന്റ് ഘടകം, അടിസ്ഥാന ശമ്പളം എന്നിവ കമ്മിഷന്‍ ചര്‍ച്ചചെയ്യും. വിലക്കയറ്റം ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും കമ്മിഷന്‍ ശുപാര്‍ശകള്‍.

ഏറ്റവും ഒടുവിലായി കേന്ദ്ര സര്‍ക്കാര്‍ ഒരു ശമ്പള പരിഷ്‌ക്കരണ കമ്മിഷന് രൂപം നല്‍കിയത് 2014ലാണ്. ഈ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി 2016 ജനുവരി ഒന്നു മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചിരുന്നു.

Back to top button
error: