പട്‌ന: എന്‍.ഡി.എ. സഖ്യം വിട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഏര്‍െനാളായി പുകഞ്ഞുകൊണ്ടിരുന്ന ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സ്വന്തം സര്‍ക്കാരിനെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. അതേസമയം നിതീഷിന് പിന്തുണ അറിയിച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തി. ഇതു സംബന്ധിച്ച കത്ത് ഇരു കക്ഷികളും നിതീഷിന് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നിതീഷിന് നിഷ്പ്രയാസം കഴിയും. ഇനി ബി.ജെ.പിയുടെ നീക്കം എന്താകും എന്ന ആകാംക്ഷയിലാണ് രാജ്യമാകെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാനാണ് തങ്ങളുടെ എംഎല്‍എമാരോട് ബിജെപി നിര്‍ദേശിച്ചിരിക്കുന്നത്.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകള്‍ നേടിയെങ്കിലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു, മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡിക്ക് 80, കോണ്‍ഗ്രസിന് 19 എംഎല്‍എമാരും ആണുള്ളത്.
എന്നാല്‍ ഭരണം ആരംഭിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ത്തന്നെ അസ്വാരസ്യങ്ങളും ആരംഭിക്കുകയായിരുന്നു. തനിക്ക് വേണ്ട ബഹുമാനം ബിജെപി തരുന്നില്ലെന്നാണ് നിതീഷിന്റെ പ്രധാന പരാതി. തന്റെ മന്ത്രിസഭയിലേക്കുള്ള ബിജെപി അംഗങ്ങളുടെ കാര്യത്തില്‍ കുറച്ചുകൂടി നിര്‍ണയാവകാശം വേണമെന്ന നിതീഷിന്റെ ആഗ്രഹവും ബിജെപി തടഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്തി ബിഹാറിലെ ശക്തി കൂട്ടാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി തന്ത്രങ്ങള്‍ പയറ്റുന്നുണ്ടെന്ന വിലയിരുത്തലും നിതീഷിനുണ്ടായിരുന്നു. പാര്‍ട്ടിക്കായി മുന്നോട്ടുവച്ച ഏക കേന്ദ്രമന്ത്രി സീറ്റിലേക്ക് ആര്‍സി.പി. സിങ് സ്വമേധയാ പോയതാണ് ഈ തോന്നലിന് തുടക്കം. ഇതിനു പിന്നാലെ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുന്‍നിര്‍ത്തി ബിജെപി കളിച്ച തന്ത്രം നിതീഷിന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടി. ഇതോടെ അപകടം മണത്ത നിതീഷ് മറ്റുവഴികള്‍ തേടുകയും സോണിയാ ഗാന്ധിയുമായി അടക്കം ചര്‍ച്ചകള്‍ നടത്തുകയുമായിരുന്നു.
നിലവിലെ കക്ഷിനില
എന്‍ഡിഎ
ബിജെപി 77
ജെഡിയു 45
എച്എഎം 4
സ്വതന്ത്രര്‍ 1
……………………………….
മഹാഗഡ്ബന്ധന്‍
ആര്‍ജെഡി 79
സിപിഐ എം എല്‍ 12
സിപിഐ 2
സിപിഎം 2
……………………………….
യുപിഎ
കോണ്‍ഗ്രസ് 19
……………………………….
എഐഎംഐഎം 1
ഒഴിവുള്ളത് 1