മുംബൈ: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അധികാരമേറ്റ് 40 ദിവസമായിട്ടും മറ്റു മന്ത്രിമാരില്ലാതിരുന്ന മഹാരാഷ്ട്ര മന്ത്രി സഭയിലേക്ക് 18 പുതിയ മന്ത്രിമാര്‍ എത്തി. ബിജെപിയുടേയും ശിവസേനയുടേയും (ഷിന്‍ഡേ വിഭാഗം) ഒമ്പത് എംഎല്‍എമാര്‍ വീതം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വകുപ്പുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. മന്ത്രിസഭാ വികസനത്തിന് പിന്നാലെ ബുധനാഴ്ച മുതല്‍ മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാലസമ്മേളനം ആരംഭിക്കും. 18-വരെയാണ് സമ്മേളനം.
ബി.ജെ.പി.യില്നിന്ന് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും ശിവസേനയില്‍നിന്ന് ദാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ്റാവു പാട്ടീല്‍, ശംഭുരാജേ ദേശായ്, സന്ദീപന്‍ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേരസര്‍കര്‍, അബ്ദുള്‍സത്താര്‍ എന്നിവരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
എന്നാല്‍ മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഷിന്‍ഡെ-ബിജെപി ക്യാമ്പുകളിലെ അതൃപ്തര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഏക്നാഥ് ഷിന്‍ഡെ വാക്ക് പാലിച്ചില്ലെന്ന് പ്രഹാര്‍ ജന്‍ശക്തി പാര്‍ട്ടി നേതാവ് ബച്ചു കദു പ്രതിഷേധിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബച്ചുവിന് മന്ത്രി സ്ഥാനം ഉറപ്പ് നല്‍കിയായിരുന്നു ഷിന്‍ഡെ ഒപ്പം നിര്‍ത്തിയത്. ഷിന്‍ഡെ ക്യാമ്പില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത സഞ്ജയ് റാത്തോഡിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തന്നെ രംഗത്തെത്തി. ഒരു യുവതിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരില്‍ രാജിവച്ചയാളാണ് സഞ്ജയ്.
Cabinet expansion | Maharashtra CM Eknath Shinde and Dy CM Devendra Fadnavis at Raj Bhavan in Mumbai pic.twitter.com/cC9vXBvRzx
— ANI (@ANI) August 9, 2022
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അധികാരമേറ്റ് 40 ദിവസമായിട്ടും മന്ത്രിസഭാ വികസനം നടത്താത്തത് പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മന്ത്രിമാര്‍ ഇല്ലാത്തതിനാല്‍ പല വകുപ്പുകളുടേയും പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്. പ്രളയമടക്കം പ്രതിസന്ധികള്‍ നേരിട്ടപ്പോഴും സംസ്ഥാനത്തെ ഭരണം നിയന്ത്രിച്ചത് ഉദ്യോഗസ്ഥരാണ്. മന്ത്രിസ്ഥാനം കിട്ടാത്തവര്‍ പാലം വലിക്കുമോ എന്ന ഭയം ഒരുവശത്ത്. ഏക്നാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും പലവട്ടം ദില്ലിയില്‍ പോയി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇപ്പോഴത്തെ മന്ത്രിസഭാ വികസനം.
എന്‍.സി.പി, കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ചിരുന്ന ശിവസേനയുടെ ഉദ്ധവ് താക്കറെയെ വിമത നീക്കത്തിലൂടെ വീഴ്ത്തിയാണ് ബി.ജെ.പി. വിമതശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ സഖ്യം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.