KeralaNEWS

കുഴിയടയ്ക്കല്‍ വഴിപാട് ആക്കുന്നത് തടയാന്‍ ഇടപെട്ട് ഹൈക്കോടതി; കലക്ടര്‍മാരുടെ കര്‍ശന മേല്‍നോട്ടത്തിന് അടിയന്തര നിര്‍ദേശം

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്താന്‍ കല്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ അടിയന്തര നിര്‍ദേശം. ഇതിനായി കലക്ടര്‍മാരോ കലക്ടര്‍ നിര്‍ദേശിക്കുന്ന ഉത്തരവാദപ്പെട്ടവരോ നേരിട്ട് പണി വിലയിരുത്തണമെന്നും കോടതി. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി സംബന്ധിച്ച് തൃശൂര്‍- എറണാകുളം കലക്ടര്‍മാര്‍ക്കാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്.

നെടുമ്പാശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തില്‍ ഇന്നലെ വിഷയം പരിഗണിച്ച കോടതി കലക്ടര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം നടത്താനും ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. ജില്ലാ കലക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുതെന്നും മനുഷ്യനിര്‍മിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

Signature-ad

റോഡ് മോശമായതിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ എന്ത് നടപടിയെടുത്തു? ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയില്ല. മരിച്ചുകഴിഞ്ഞിട്ടാണോ ഇവര്‍ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി മാറരുത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

തോരാമഴ കാരണമാണ് ദേശീയ പാത പൊട്ടിപ്പൊളിഞ്ഞതെന്നും കുഴികള്‍ ഉടന്‍ അടച്ചുതീര്‍ക്കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. റോഡുകള്‍ മോശമാണെന്നും ശ്രദ്ധിക്കണമെന്നുമുളള ബോര്‍ഡുകള്‍ വയ്ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇടപ്പളളി മണ്ണൂത്തി ദേശീയ പാതയിലെ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഒരാഴ്ചക്കുളളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. ദേശീയ പാതയ്ക്ക് മാത്രമല്ല സംസ്ഥാന പാതകള്‍ക്കും പ്രാദേശിക റോഡുകള്‍ക്കും ഇത് ബാധകമാണ്. ജില്ലാ കല്കടര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

Back to top button
error: