കൊച്ചി: ജോലിയില്‍നിന്ന് വിരമിച്ച ശേഷം ക്രിമിനല്‍കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ ഉണ്ടാകില്ല. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു. കെ.എസ്.ആര്‍. മൂന്നാം ഭാഗത്തില്‍ 2,3,59 ചട്ടങ്ങളാണു ധനകാര്യവകുപ്പ് ജൂലായ് നാലിന് ഉത്തരവിലൂടെ ഭേദഗതി ചെയ്തത്.
വിരമിച്ച ഉദ്യോഗസ്ഥരെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിനു 30 ദിവസത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയോ ചെയ്താല്‍ ഈ വിവരം ജയില്‍ സൂപ്രണ്ട്/എസ.്എച്ച്.ഒ/ ജില്ലാതല നിയമ ഓഫീസര്‍ എന്നിവര്‍ ട്രഷറി ഡയറക്ടറെ അറിയിക്കണം.
വിധിന്യായത്തിന്റെ പകര്‍പ്പും പെന്‍ഷനറുടെ വിശദവിവരവും ട്രഷറി ഡയറക്ടര്‍ ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം പി.എസ്്.സിയുമായി കൂടിയാലോചിച്ചാണു പെന്‍ഷന്‍ തടയുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക.
എത്രകാലത്തേക്കു ശിക്ഷ വേണമെന്നും ഉത്തരവ് പുറപ്പെടുവിക്കും. സര്‍വീസ് കാലത്ത് വരുത്തിയ സാമ്പത്തിക നഷ്ടം പെന്‍ഷനില്‍നിന്ന് ഈടാക്കാനും വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. നിലവില്‍ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയില്‍ നിന്നാണു സാമ്പത്തിക നഷ്ടം ഈടാക്കുന്നത്.
സര്‍വീസിലിരിക്കുമ്പോള്‍ ആരംഭിച്ച വകുപ്പുതല നടപടികള്‍ വിരമിക്കുമ്പോഴും തീര്‍പ്പാക്കിയില്ലെങ്കില്‍ വിരമിച്ചശേഷം എല്ലാ നടപടികളും ഒരുമിച്ചു പരിഗണിക്കാം. വിരമിച്ച ശേഷമാണു സര്‍വീസ് കാലത്തെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതെങ്കില്‍ നാലു വര്‍ഷത്തിനുള്ളില്‍ നടപടിയെടുക്കണം.