CrimeNEWS

”അച്ഛന്‍ കോണ്‍ട്രാക്ടറാണ്, ബാക്കിവന്ന സാധനങ്ങള്‍ മാറ്റാനുണ്ട് ”എന്നുപറഞ്ഞ് വാഹനം വാടകയ്ക്കെടുത്ത് വന്ന് സ്‌കൂളിന്റെ ഗേറ്റടക്കം കടത്താന്‍ ശ്രമിച്ച ഇരുപതുകാരന്‍ പിടിയില്‍

എനാദിമംഗലം: മാരൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുമ്പുസാമഗ്രികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഇരുപതുകാരന്‍ പിടിയില്‍. കലഞ്ഞൂര്‍ കഞ്ചോട് പുത്തന്‍ വീട്ടില്‍ അനൂപ്(20)ആണ് അറസ്റ്റിലായത്.

നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇളക്കിവച്ച ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പുഗേറ്റും ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്കു കയറാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് കുടുങ്ങിയത്.

30 ന് പത്തനാപുരത്തുനിന്നു വാഹനം വാടകയ്ക്ക് വിളിച്ച് സ്‌കൂളിലെത്തിയ ഇയാള്‍ ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അനൂപിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ വാഹനത്തിന്റെ ഡ്രൈവര്‍ നാട്ടുകാരോട് വിവരം തിരക്കുകയും തുടര്‍ന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു.

പിതാവ് കോണ്‍ട്രാക്ടര്‍ ആണെന്നും സ്‌കൂളിലെ പണികള്‍ക്കു ശേഷം ബാക്കിവന്ന വസ്തുക്കള്‍ മാറ്റുകയാണെന്നും ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കൊണ്ടുവന്നത്. ഡ്രൈവര്‍ അറിയിച്ചതനുസരിച്ച് ആളുകള്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു.

തുടര്‍ന്നു നടന്ന വിശദമായ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടല്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞു.

Back to top button
error: