NEWSWorld

ശ്രീലങ്കയുടെ പിന്നാലെ പാകിസ്താന്‍; സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്, വരാനിരിക്കുന്നത് ഏറ്റവും മോശംദിനങ്ങളെന്ന് പാക് മന്ത്രി

കറാച്ചി: പാകിസ്താനിൽ വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ. അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രി പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്.

മുൻ സർക്കാരിന്റെ കാലത്തെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കഷ്ടപ്പെടുകയാണ്. നേരത്തെ ഉണ്ടായിരുന്ന പാക്സിതാൻ മുസ്ലിം ലീഗ് -നവാസ് സർക്കാരിന്റെ കാലത്ത് 1,600 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മി. കഴിഞ്ഞ നാല് വർഷം ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീക് – ഇ – ഇൻസാഫ് ഭരണകാലത്ത് ഇത് 3,500 ലേക്ക് കുതിച്ചതായി പാക് ധനമന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

‘ഈ നിലയിൽ ഒരു രാജ്യത്തിനും വളരാനും സ്ഥിരത കൈവരിക്കാനും സാധിക്കില്ല. അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയിൽ യാതൊരു വർധനവും ഞാൻ അനുവദിക്കുകയില്ല. വ്യക്തമായൊരു പോളിസിയുമായി ഞങ്ങൾ വരും. എനിക്ക് മനസ്സിലാകും, ഇത് വളർച്ചയെ ബാധിക്കുമെന്ന്. എന്നാൽ എനിക്ക് വേറെ വഴിയില്ല’, മന്ത്രിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോർട്ട് ചെയ്തു.

‘നിലവിലുള്ള പാക് സർക്കാർ രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ്. ഞങ്ങൾ ശരിയായ പാതയിലാണ്. തീർച്ചയായും നമ്മൾ കടുത്ത ദിനങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിയന്ത്രിക്കാൻ സാധിച്ചാൽ വിവിധ മാർഗങ്ങളിൽ കൂടി കയറ്റുമതി വർധിപ്പിക്കാൻ നമുക്ക് സാധിക്കും’, പാക് ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ പറഞ്ഞു.

ഇമ്രാൻ ഖാൻ സർക്കാർ രാജിവെക്കുന്ന സമയത്ത് പാകിസ്താൻ കറൻസിയുടെ മൂല്യം കുത്തനെ കൂപ്പുകുത്തിയിരുന്നു. ഡോളറിന് 240 റുപ്പിയിലേക്ക് എത്തിയിരുന്നു. നിലവിൽ ഒരു ഡോളറിന് 223.71 എന്നതാണ് പാക് റുപ്പിയുടെ മൂല്യം.

Back to top button
error: