LIFESocial Media

‘മോദി ജീ… മാഗിക്കും പെന്‍സിലിനും വില കൂട്ടിയത് എന്തിന് ?’; പ്രധാനമന്ത്രിക്ക് ആറുവയസുകാരിയുടെ കത്ത്

അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വലിയ രീതിയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു വിലക്കയറ്റം. ഇപ്പോഴും ഇത് ചര്‍ച്ചകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക തന്നെയാണ്. ജിഎസ്ടി കയറ്റവും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അവശ്യസാധനങ്ങളടക്കം നിരവധി ഉത്പന്നങ്ങളുടെ വിലയാണ് ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ആറുവയസുകാരി അയച്ച കത്ത് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മാഗിക്കും പെൻസിലിനും വില കൂട്ടിയത് എന്തിനാണെന്ന ചോദ്യമാണ് ഒന്നാം ക്ലാസുകാരിയായ കൊച്ചുപെണ്‍കുട്ടിയുടെ ചോദ്യം.

ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് കൃതി ദുബെയ് എന്ന ആറുവയസുകാരി. പ്രധാനമന്ത്രി ജീ എന്ന് തുടങ്ങുന്ന കത്തില്‍ ആദ്യം കൃതി തന്നെ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഹിന്ദിയിലാണ് കത്ത്. തന്‍റെ പേര് കൃതി എന്നാണെന്നും ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും ആമുഖമായി അറിയിച്ച ശേഷം നേരെ വിലക്കയറ്റത്തിലേക്കാണ് കത്ത് കടക്കുന്നത്. ‘ചില സാധനങ്ങള്‍ക്ക് ഇപ്പോള്‍ നല്ലതുപോലെ വില കൂടിയല്ലോ, എന്‍റെ പെൻസിലിനും റബറിനുമെല്ലാം വില കൂടിയിട്ടുണ്ട്. മാഗിക്കും വില കൂടി. ഇപ്പോള്‍‍ ‌ഞാൻ പെൻസില്‍ ചോദിക്കുമ്പോള്‍ അമ്മ അടിക്കുകയാണ്. എന്‍റെ പെൻസില്‍ മറ്റ് കുട്ടികള്‍ കട്ടെടുക്കുന്നുമുണ്ട്…’- ഇങ്ങനെ പോകുന്നു കൃതിയുടെ കത്ത്.

Signature-ad

മാഗിക്ക് നിലവില് 70 ഗ്രാമിന് 14 രൂപയും 32 ഗ്രാമിന് 7 രൂപയും ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാരുടെ ഭക്ഷണമെന്ന നിലയില്‍ ഏറെ പ്രചാര നേടിയ വിഭവമാണ് മാഗി. ഇതിന് വില കയറ്റമുണ്ടായത് ധാരാളം പേരെ ബാധിക്കാം. ഇതിനൊരു ഉദാഹരണം മാത്രമാവുകയാണ് കൊച്ചു കൃതിയുടെ കത്ത്. ആരോണ്‍ ഹാരി എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യമായി കൃതിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്. കത്ത് വൈറലായതിന് ശേഷം കൃതിയുടെ അച്ഛനും സംഭവത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇത് തന്‍റെ മകളുടെ ‘മൻ കീ ബാത്ത്’ ആണെന്നാണ് അഭിഭാഷകൻ കൂടിയായ വിശാല്‍ ദുബെയുടെ പ്രതികരണം. പെൻസില്‍ ചോദിക്കുമ്പോള്‍ അമ്മ വഴക്ക് പറയുന്നത് ഈയിടെയായി കൃതിയെ നല്ലരീതിയില്‍ ബാധിക്കുന്നുണ്ടെന്നും അത് കാരണമാകാം ഇത്തരമൊരു കത്ത് എഴുതാൻ കൃതി തീരുമാനിച്ചതെന്നും വിശാല്‍ പറയുന്നു.

Back to top button
error: