IndiaNEWS

സോണിയയുടെയും രാഹുലിന്റെയും വീടുകൾക്കും എഐസിസി ആസ്ഥാനത്തും പൊലീസ് കാവൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസും

ദില്ലി: എ ഐ സി സി ആസ്ഥാനത്തും കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികളിലും പൊലീസെത്തിയതോടെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസും. എഐസിസി ആസ്ഥാനവും നേതാക്കളുടെ വസതികളും പോലീസ് വളഞ്ഞിരിക്കുന്നുവെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നേതാക്കളും പ്രവർത്തകരും ഇവിടേക്ക് എത്തിയത്. വിലക്കയറ്റത്തിനെതിരെ മറ്റന്നാൾ കോൺഗ്രസ് നടത്താൻ നിശ്ചയിച്ച പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത് ജയിലിലിട്ടാലും പ്രതിഷേധം നടത്തുമെന് അജയ് മാക്കൻ വ്യക്തമാക്കി. ഏത് നടപടിയേയും നേരിടാൻ സജ്ജമാണെന്നും നേതാക്കൾ പറഞ്ഞു.

വിലക്കയറ്റം മുഖ്യ വിഷയമാക്കി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ, നാഷണൽ ഹെറാൾഡ് കേസിന്റെ കുരുക്കിൽ നേതാക്കളെ സമ്മർദ്ദത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ദില്ലിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം സീൽ ചെയ്തു. ഈ ഓഫീസ് ഇനി തുറക്കാൻ എൻഫോഴ്സ്മെന്റിന്റെ അനുമതി നിര്‍ബന്ധമാകും.

കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ആസ്ഥാനത്ത് ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഹെറാൾഡ് ദിനപ്പത്രത്തിന്റെ രേഖകള്‍ പരിശോധിച്ച എൻഫോഴ്സ്മെന്റ് സംഘം ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി. ദില്ലിയിലാകെ 12 ഇടത്തായിരുന്നു ഹെറാൾഡ് കേസിലെ എൻഫോഴ്സ്മെന്റ് റെയ്ഡ്. സംഭവത്തിൽ പ്രതിഷേധിച്ച് ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗത്തും കോൺഗ്രസ് പ്രവ‍ര്‍ത്തക‍ര്‍ തെരുവിലിറങ്ങി. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവച്ച നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം അഴിമതിയോട് ചേര്‍ത്ത് വായിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോടികളുടെ അഴിമതിയാണ് ഗാന്ധികുടുംബം നടത്തിയതെന്ന് ബിജെപി തിരിച്ചടിക്കുന്നു.

നാഷണല്‍ ഹെറാള്‍ഡിന്‍റെ പ്രസിദ്ധീകരണം വീണ്ടും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം. നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന എജെഎലിന് കോണ്‍ഗ്രസ് 90 കോടി രൂപ പലിശ രഹിത വായ്പ അനുവദിച്ചിരുന്നു. എജെഎല്‍ കമ്പനിയുടെ ബാധ്യതകള്‍ തീര്‍ത്ത് പത്രം വീണ്ടും ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, പണം തിരിച്ചടയ്ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. ഈ ഘട്ടത്തിൽ കൊല്‍ക്കത്ത ആസ്ഥാനമായ ഡോട്ടക്സ് കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വായ്പയായി വാങ്ങിയ യങ്ഇന്ത്യ എന്ന കമ്പനി, അതില്‍ 50 ലക്ഷം രൂപ കോണ്‍ഗ്രസിന് നല്‍കി. അങ്ങനെ 90 കോടി രൂപ ബാധ്യതയുണ്ടായിരുന്ന എജെഎൽ, യങ് ഇന്ത്യയുടെ ഭാഗമായി. എജെഎല്ലിന്‍റെ സ്വത്തുവകകള്‍ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റിയെഴുതി. ഹെറാള്‍ഡ് ഹൗസും മറ്റ് ഭൂസ്വത്തുക്കളുമെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയാണ് ഈ കേസുമായി മുന്നോട്ട് വന്നത്. 2012 നവംബറിലായിരുന്നു ആദ്യ പരാതി. വെറും 50 ലക്ഷം രൂപ നൽകി 2000 കോടിയോളം രൂപയുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനം യങ് ഇന്ത്യ ഏറ്റെടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പ്രകാരം കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഉടമസ്ഥാവകാശ കൈമാറ്റം ഓഹരിയുടമകൾ അറിയാതെയായിരുന്നു എന്നും സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചിരുന്നു. 2014 ജൂലൈയിൽ കേസിനെതിരെ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2015 ൽ തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം ഹൈക്കോടതി റദ്ദാക്കി. എന്നാൽ ഉദ്യോഗസ്ഥനെ മാറ്റി കേന്ദ്ര സ‍ര്‍ക്കാര്‍ അന്വേഷണം തുടര്‍ന്നു. 2016 ൽ സുപ്രീം കോടതി പ്രതികൾ ക്രിമിനൽ നടപടികൾ നേരിടണമെന്ന് വ്യക്തമാക്കിയതോടെ കേന്ദ്രം കേസിൽ കുരുക്ക് മുറുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: