ബെംഗളൂരു: മഴ ശക്തമായി തുടരുന്ന കര്‍ണാടകയില്‍ കനത്ത നാശം. ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുട്ടികളടക്കം ആറ് പേര് മരിച്ചു. കര്‍ണാടകയുടെ തീരമേഖലയിലും വടക്കന്‍ ജില്ലകളിലുമാണ് കനത്ത മഴ തുടരുന്നത്.
ചിക്കമംഗ്ലൂരുവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബെംഗ്ലൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.
കാസര്‍ഗോഡ് മരുതോം ചുള്ളിയില്‍ വനത്തില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലയോര ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. കനത്ത വെള്ളപ്പാച്ചിലാണ് മേഖലയില്‍ ഉണ്ടായത്. റോഡില്‍ നിന്ന് മണ്ണും കല്ലും മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും. മലവെളള പാച്ചിലില്‍ ആര്‍ക്കും പരിക്കില്ല.
അതേസമയം കേരളത്തില്‍ മഴയുടെ തീവ്രത കുറഞ്ഞു തുടങ്ങി. അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പായ റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പൂര്‍ണമായും പിന്‍വലിച്ചു. പത്തു ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.
റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും എന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
മഴക്കെടുതിയില്‍ ആകെ മരണം 15 ആയി. കൊല്ലം ഇത്തിക്കരയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി നൗഫലാണ് മരിച്ചത്. ആലുവയില്‍ പെരിയാറില്‍ കാണാതായ മട്ടാഞ്ചേരി സ്വദേശി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. കാണാതായ മൂന്നു പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്
എംസി റോഡില്‍ മൂവാറ്റുപുഴ പാലത്തിനു സമീപം അപ്രോച്ച് റോഡില്‍ ഉണ്ടായ വന്‍കുഴി കാരണം പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. റോഡിന് അടിയില്‍ ഉണ്ടായിരുന്ന ബിഎസ്എന്‍എല്‍ കേബിള്‍ ചേംബര്‍ രണ്ടടിയോളം താഴ്ന്ന നിലയിലാണ്. വമ്പന്‍ ഗര്‍ത്തം കാരണം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മൂവാറ്റുപുഴ നഗരത്തിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് പോലീസ് നല്കുന്ന നിര്‍ദ്ദേശം.