ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്. പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കി. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്കും കേന്ദ്ര സര്‍ക്കാരിനും തെരെഞ്ഞെടുപ്പ് കമ്മീഷനും കൈമാറട്ടെയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഹര്‍ജിയില്‍ വാദം നടക്കവേ, പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കും. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ വാദങ്ങളോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് യോജിച്ചു. നികുതിയായി ലഭിക്കുന്ന പണം വികസനത്തിന് ഉപയോഗിക്കുന്നില്ല എന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. അതിനാല്‍ തന്നെ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. സാമ്പത്തിക മേഖലയെ ദോഷമായി ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശ തയാറാക്കാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ധനകാര്യ കമ്മിഷന്‍, നീതി ആയോഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നിയമ കമ്മിഷന്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും. സമിതിയുടെ ഘടന, പരിഗണന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേസിലെ കക്ഷികളോട് നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം തിങ്കളാഴ്ച ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരുകളുടെ ജനപ്രിയ സൗജന്യ പദ്ധതികള്‍ വന്‍ സാമ്പത്തിക ബാധ്യതക്ക് കാരണമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നത കേന്ദ്രസര്‍ക്കാര്‍ ഉദ്യോസ്ഥര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിരുന്നു. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നെന്നും നിയന്ത്രണമുണ്ടായില്ലെങ്കില്‍ ശ്രീലങ്കയിലേയും ഗ്രീസിലെയും സാഹചര്യത്തിലേക്ക് ഇത് നയിക്കുമെന്നുമാണ് സെക്രട്ടറി തല ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയത്.