കോട്ടയം: കിണര്‍ വൃത്തിയാക്കാനിറങ്ങിയ പിറവം, പാഴൂര്‍ പോത്തോലില്‍ വീട്ടില്‍ ഉല്ലാസിന്റെ (42) തുടയില്‍ ഏണി തറച്ചുകയറി. ആദ്യം പിറവത്തും പിന്നെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ട് തവണ അഗ്‌നിരക്ഷാസേനയും തുടര്‍ന്ന് ഡോക്ടര്‍മാരും പരിശ്രമിച്ചാണ് ഏണി നീക്കംചെയ്തത്. ഉല്ലാസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കിണര്‍ നിര്‍മാണ തൊഴിലാളികളാണ് ഉല്ലാസും കൂട്ടുകാരും. ഇവര്‍ നിര്‍മിച്ച പിറവം തിരുമറയൂരിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം.
കിണറ്റിലേക്ക് കയറില്‍ തൂങ്ങി ഇറങ്ങുമ്പോള്‍ കൈതെറ്റി താഴെവെച്ചിരുന്ന ഏണിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഏണി വലതുതുടയുടെ മുകള്‍ഭാഗത്ത് തുളഞ്ഞു കയറി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ച ശേഷം ഏണി പകുതിമുറിച്ചുമാറ്റി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കയച്ചു. സ്ട്രച്ചറില്‍ ഇരിക്കാനും കിടക്കാനുമാകാതെ എത്തിയ ഉല്ലാസിന്റെ ശരീരത്തില്‍ നിന്നു ബാക്കി ഏണി മുറിച്ചുനീക്കാന്‍ ശ്രമം തുടങ്ങി.
ആക്സോബ്ലേഡ് അടക്കമുള്ള ഉപകരണങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ പോലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ. മഹേഷ് കോട്ടയം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ രണ്ട് വാഹനങ്ങളില്‍ ആധുനിക സംവിധാനങ്ങളുമായി എത്തിയ സംഘം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച തരത്തില്‍ ഏണി നീക്കംചെയ്തു. ഇതിനായി പത്തു മിനിറ്റില്‍ താഴെയാണ് സമയം എടുത്തത്. തുടര്‍ന്ന് ശരീരത്തിനുള്ളിലെ ഏണിയുടെ ഭാഗം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ മുറിയിലെത്തിച്ച് മാറ്റി. ഉല്ലാസ് തീവ്രപരിചരണ വിഭാഗത്തിലാണ്.