CrimeNEWS

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പെരിന്തല്‍മണ്ണ: വാടകമുറിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് നടത്തിയ മഞ്ചേരി സ്വദേശി കൊളത്തൂരില്‍ പിടിയില്‍. മഞ്ചേരി പൂക്കൊളത്തൂര്‍ പുറക്കാട് തയ്യില്‍ ഹുസൈ(31)നെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെയും കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പിടികൂടിയത്. കുറുപ്പത്താല്‍ ടൗണിനുസമീപം വാടകമുറിയിലാണ് എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.

ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് ഒരു മാസത്തിലധികമായി സമാന്തര എക്‌സ്ചേഞ്ച് നടത്തുകയാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇന്റര്‍നാഷണല്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പിടികൂടിയത്. സിം കാര്‍ഡുകള്‍, റൂട്ടര്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയവ പിടിച്ചെടുത്തു.ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു.

ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, എസ്.ഐ. ടി.കെ. ഹരിദാസ്, എ.എസ്.ഐ. ജ്യോതി, ബൈജു കുര്യാക്കോസ്, വിനോദ്, ഷിബു, സുബ്രഹ്‌മണ്യന്‍, സുകുമാരന്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബിജു, ഷൈലേഷ്, വൈശാഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: