തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡ്രോൺ ആക്രമണത്തിലൂടെയാണ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ വധിച്ചതെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയുടെ നടപടിയെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.
സൗദി പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലും പെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് അയ്മൻ അൽ സവാഹിരി കൊന്നൊടുക്കിയത്. യുഎസിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും ഹീനമായ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദ നേതാക്കളിൽ ഒരാളായാണ് അൽ സവാഹിരിയെ കണക്കാക്കപ്പെടുന്നതെന്നും’ സൗദി ഭരണാധികാരികൾ പറഞ്ഞു.