KeralaNEWS

ചിലത് പറഞ്ഞോട്ടെ …മന്ത്രി മുഹമ്മദ്‌ റിയാസ്

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലങ്ങളായി നടന്നുവരുന്ന കുത്തിപൊളിക്കല്‍ അവസാനിപ്പിക്കും

 

സ്വന്തം വീട് നിര്‍മ്മാണത്തില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയ ഉടന്‍ നമ്മള്‍ തന്നെ അത് കുത്തിപൊളിക്കുമോ?

Signature-ad

ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച നിങ്ങളുടെ വീടോ കെട്ടിടമോ ഉടനെ കുത്തിപൊളിക്കുന്നതിനെ പറ്റി നിങ്ങള്‍ ഒന്ന് സങ്കല്‍പിച്ച് നോക്കൂ!

എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലങ്ങളായി നടന്നുവരുന്ന വല്ലാത്തൊരു ഏര്‍പ്പാടാണ് ഇത്തരത്തിലുള്ള കുത്തിപൊളിക്കല്‍.
സിവിൽ&ഇലക്ട്രികൽ 2 വിത്യസ്ത ടെണ്ടർ വിളിക്കുന്നതാണ് വിചിത്രവും,വിനാശകരവുമായ ഈ പ്രശ്നത്തിന് കാരണം.
ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി ഭംഗിയായി നിര്‍മ്മിച്ച കെട്ടിടം വീണ്ടും കുത്തി പൊളിക്കുക, വീണ്ടും അറ്റകുറ്റപണി നടത്തുക എന്നിവ നമ്മുടെ നാട്ടിൽ സർവ്വ സാധാരണമാണ്. നമ്മുടെ സംസ്ഥാനത്തും ആയിരക്കണക്കിന് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന് ശേഷം കുത്തിപൊളിച്ചിട്ടുണ്ട്.

“ഉണരുവിൻ
അഖിലേശനെ സ്മരിപ്പിൻ
ക്ഷണമേഴുന്നേൽപ്പിൻ
അനീതിയോടെതിർക്കിൻ”
വാഗ്ഭടാനന്ദഗുരുദേവന്റെ വാക്കുകൾ അന്വർത്ഥമാക്കും വിധം അനീതി കണ്ടാൽ
സടകുടഞ്ഞ് എഴുന്നേറ്റ് പ്രതികരിക്കുന്ന നമ്മുടെ നാട് പക്ഷേ ഈ വിഷയത്തിൽ വേണ്ടത്ര പ്രതികരിക്കാതെ പോയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം വേണ്ടത്ര തിരിച്ചറിയാതെ പോയതാകാം കാരണം. 2016ലെ ldf സർക്കാർ ഈ പ്രശ്നത്തിനു പരിഹാരം കാണുവാൻ നിരന്തരം ഇടപെട്ടിരുന്നു. ചില കരാറുകാർ വിഷയം കോടതിക്ക് മുൻപാകെ എത്തിച്ചതു കൊണ്ട് പ്രശ്ന പരിഹാര ശ്രമം ഫലപ്രാപ്തിയിൽ എത്തിയില്ല.

കെട്ടിടനിര്‍മ്മാണത്തിനും ഇലക്ട്രിക്കല്‍ ജോലികള്‍ക്കും വെവ്വേറെ ടെന്‍ഡറുകള്‍ എന്ന രീതിയാണ് നാളിതുവരെയായി സംസ്ഥാനത്ത് നടപ്പിലാക്കിരുന്നത്. അതായത് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കരാർ, ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മറ്റൊരു കരാര്‍. ഇതുകാരണം നിര്‍മ്മാണത്തിന് ശേഷം കെട്ടിടം വീണ്ടും കുത്തിപൊളിക്കേണ്ടവരും എന്ന് മാത്രമല്ല കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍ വലിയ കാലതാമസവും ഉണ്ടാക്കും. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാതെ കെട്ടിടങ്ങള്‍ കാലങ്ങളായി വെറുതെ കിടക്കുന്ന അവസ്ഥയുമുണ്ട്.
ഇതിന്റെ കണക്കെടുത്തപ്പോൾ എത്രയോ കെട്ടിടങ്ങൾ അങ്ങനെ വെറുതെ കിടക്കുന്നുണ്ട് എന്ന് മനസിലായി. ഇത് പരിഹരിക്കേണ്ട പ്രധാന പ്രശ്നമാണ്.

എന്താണ് കോമ്പോസിറ്റ്ടെൻഡർ
(Composite Tender) ?

വീട് നിര്‍മ്മിക്കുന്നത് പോലെ തന്നെ തലമുറകള്‍ക്കായി ദീര്‍ഘവീക്ഷണത്തോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണലോ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും. കെട്ടിടനിര്‍മ്മാണത്തിനും ഇലക്ട്രിക്കല്‍ ജോലികള്‍ക്കും വെവ്വേറെ ടെന്‍ഡറുകള്‍ വിളിക്കുന്നത് കെട്ടിടനിര്‍മ്മാണം അനന്തമായി നീണ്ടുപോവാനും വഴിവെക്കും. ഇതിന് ഒരു പരിഹാരമായാണ് കോമ്പോസിറ്റ് ടെന്‍ഡര്‍ (സംയുക്ത കരാര്‍) സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഒരു കെട്ടിടനിര്‍മ്മാണത്തിന്റെ മുഴുവന്‍ ജോലികളും ഒരു കരാറില്‍ ഉള്‍പ്പെടുത്തി ഒരു കരാറുകാരനെ ഏല്‍പ്പിക്കുന്നതാണ് സംയുക്ത കരാര്‍ സംവിധാനം. സംയുക്ത കരാര്‍ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഇലക്ട്രിക്കല്‍ ജോലികള്‍ കെട്ടിടനിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കാനും അനാവശ്യ കുത്തിപൊളിക്കലും അനുബന്ധ അറ്റകുറ്റപണികളും ഒഴിവാക്കാന്‍ സാധിക്കും. ഇത് ഗുണമേന്മ വര്‍ധിപ്പിക്കാനും നിര്‍മ്മാണ ചെലവ് കുറയ്ക്കാനും സഹായിക്കും.

വര്‍ഷങ്ങളായി സംയുക്ത കരാര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ല. പല കാരണങ്ങളും എതിര്‍പ്പുകളും കാരണം പഴയ രീതി തുടര്‍ന്നു. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും സംയുക്ത കരാര്‍ ശരിവെച്ചിട്ടുണ്ട്.
ഇതിനായി പൊതുമരാമത്ത് ചട്ടങ്ങളില്‍ മാറ്റം വരുത്തി. ഇനി പൊതുമരാമത്ത് കെട്ടിടനിര്‍മ്മാണത്തിനായി കോമ്പോസിറ്റ് ടെന്‍ഡറുകളാണ് ക്ഷണിക്കുക. നിലവിലെ സിവില്‍, ഇലക്ടിക്കല്‍ കരാറുകാർക്ക് കോമ്പോസിറ്റ് കരാറുകരായി ഭാവിയിൽ രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കും.

നിലവില്‍ കണ്ണൂര്‍ ജില്ലയിലെ സി.എച്ച്.സി നിര്‍മ്മാണം, പിണറായിലെ സ്‌ക്കൂള്‍ നിര്‍മ്മാണം എന്നിവ സംയുക്ത കരാറായാണ് ക്ഷണിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും സംയുക്ത കരാറാണ് ആലോചികുന്നത്. ചില എതിർപ്പുകൾ ഇപ്പോഴും ഉയർന്നു വരുന്നുണ്ട്. പക്ഷേ അവയെ തട്ടി മാറ്റി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.

നമ്മുടെ നാട് നേരിട്ട് കൊണ്ടിരുന്ന ഒരു പ്രശ്നത്തിന് കോമ്പോസിറ്റ് ടെൻഡർ വഴി പരിഹാരം കാണാൻ ഇനി മുതൽ സാധ്യമാകും.

 

Back to top button
error: