തടവുകാരികളെ പ്രണയിക്കണോ ? ഡേറ്റിംഗ് നടത്തണോ ? അതിനായി മാത്രമൊരു ഡേറ്റിംഗ് ആപ്പ്!
സമാനമായി ചിന്തിക്കുന്നവര്‍ ഒന്നിക്കുന്ന ഒരിടമാണ് ഡേറ്റിംഗ് ആപ്പുകള്‍. അവിടെ സ്‌നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും പറ്റുന്ന ഒരു പങ്കാളിയെ ആളുകള്‍ തിരയുന്നു. ഒരേ ജോലി, ഒരേ ഹോബി ഒക്കെയായിരിക്കും അവിടെ ആളുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു പുതിയ ആശയവുമായാണ് വന്നിരിക്കയാണ് ഒരു ഡേറ്റിംഗ് ആപ്പ്. അതിന്റെ പേരില്‍ തന്നെയുണ്ട് ആ പ്രത്യേകത, വിമന്‍ ബിഹൈന്‍ഡ് ബാര്‍സ്.
പേര് സൂചിപ്പിക്കും പോലെ ജയിലില്‍ കഴിയുന്നവരുമായി ഇടപഴകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഡേറ്റിംഗ് ആപ്പ്. ജയിലിലെ സ്ത്രീ തടവുകാരുമായി ഡേറ്റിങ് നടത്താന്‍ ഇത് ആളുകള്‍ക്ക് ഒരു അവസരം ഒരുക്കുന്നു. ദീര്‍ഘകാലമായി ജയിലില്‍ ഒറ്റപ്പെട്ട് കഴിയുന്ന തടവുകാര്‍ക്ക് ഇതൊരു പുതിയ പ്രതീക്ഷയായിരിക്കും. വീട്ടുകാരും പുറം ലോകവുമായി വേര്‍പെട്ട് ഏകാന്തതയില്‍ കഴിയുന്ന അവര്‍ വൈകാരികമായും മാനസികമായും ആകെ തകര്‍ന്ന അവസ്ഥയിലാകാം. അത്തരക്കാര്‍ക്ക് ഒരു പുതുജീവന്‍ നല്കാന്‍ ഈ ആപ്പ് ലക്ഷ്യമിടുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് തിരികെ പോകാതെ, പകരം ഒരു പുതിയ കാഴ്ചപ്പാടോടെ, പ്രതീക്ഷയോടെ ജീവിതത്തെയും, ലോകത്തെയും സമീപിക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു. ജയിലില്‍ കഴിയുന്ന പലരും പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ താല്പര്യപ്പെടാതവരാണ്. ഇനി അങ്ങനെ മടങ്ങാന്‍ ആഗ്രഹിച്ചാലും, അവരുടെ വീട്ടുകാരും ബന്ധുക്കളും അവരെ സ്വീകരിക്കാന്‍ തയ്യാറായെന്ന് വരില്ല. ഒടുവില്‍ എല്ലാവരാലും ഒറ്റപ്പെട്ട് കഴിയാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ജീവിതം ഇരുളടഞ്ഞു പോകുന്ന അത്തരക്കാര്‍ക്ക് എന്നാല്‍ ഈ ഡേറ്റിംഗ് ആപ്പ് പുത്തന്‍ പ്രതീക്ഷയാകുന്നു. പുതിയ പങ്കാളിയുമായി ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ഇത് അവരെ സഹായിക്കുന്നു.
മാത്രമല്ല, സാധാരണ വനിതാ തടവുകാര്‍ക്ക് അവരുടെ സങ്കടങ്ങള്‍ പങ്കിടാനോ അവരുടെ ആശങ്കകളും പ്രശ്നങ്ങളും സത്യസന്ധമായി കേള്‍ക്കാനോ പലപ്പോഴും ആരുമുണ്ടാകാറില്ല. വനിതാ തടവുകാരുടെ പ്രശ്‌നങ്ങളും ആശങ്കകളും സത്യസന്ധമായി കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ആപ്പിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് ഈ കമ്പനി പറയുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഇതില്‍ ചേരാം. വംശീയതയോ, ലിംഗവ്യത്യാസമോ, ഒന്നും ഇതില്‍ ബാധകമല്ല.
അതേസമയം ഇതിലൂടെയുള്ള സൗഹൃദത്തിന് പരിധികളുണ്ട്. കത്തിലൂടെ മാത്രമേ അവര്‍ക്ക് ആശയ വിനിമയം നടത്താന്‍ സാധിക്കുകയുള്ളൂ. കൂടാതെ, അന്തേവാസികളെ അവരുടെ വംശവും പ്രായവും അനുസരിച്ച് വേര്‍തിരിച്ചിരിക്കുന്നു. ഒരു ചെറിയ തുക അടച്ചാല്‍ തടവുകാരുടെ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ‘ജയിലില്‍ കഴിയുന്ന സ്ത്രീകളുമായി പുറംലോകത്തെ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു. തടവുകാരോട് തല്‍ക്ഷണം കൂട്ടുകൂടാന്‍ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. ഒരു സുഹൃത്തിനെയോ പങ്കാളിയെയോ അല്ലെങ്കില്‍ താന്‍ പറയുന്നത് കേള്‍ക്കാനൊരാളെയോ ഒക്കെയായിരിക്കും അവര്‍ തിരയുന്നത്,” കമ്പനി പറയുന്നു. ഇതുപോലെ തന്നെ, മൃഗങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി ഫറിമേറ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു ഡേറ്റിംഗ് ആപ്പും നിലവിലുണ്ട്.