BusinessTRENDING

തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ; നിഫ്റ്റി 17,100 ന് മുകളിൽ

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു.  സെൻസെക്സ് 712.46 പോയിൻറ് അഥവാ 1.25 ശതമാനം ഉയർന്ന് 57,570.25 ലും നിഫ്റ്റി 228.70 പോയിൻറ് അഥവാ 1.35 ശതമാനം ഉയർന്ന് 17,158.30 ലും വ്യാപാരം അവസാനിച്ചു. വിപണിയിൽ ഏകദേശം 2037 ഓഹരികൾ മുന്നേറി, 1197 ഓഹരികൾ ഇടിഞ്ഞു, 140 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഡോ.റെഡ്ഡീസ് ലാബ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ, ദിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ്.

Signature-ad

മെറ്റൽ സൂചിക 4 ശതമാനത്തിലധികം ഉയർന്നപ്പോൾ ഫാർമ, ഓട്ടോ, ഐടി, പവർ, ഓയിൽ & ഗ്യാസ് സൂചികകൾ 1 മുതൽ 2 ശതമാനം വീതം ഉയർന്നു. അതേസമയം, പൊതുമേഖലാ ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക 1.38 ശതമാനവും ഉയർന്നു.

യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധനയുടെ ആശങ്കകൾ ലഘൂകരിച്ച് ഇന്ത്യൻ രൂപ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന് രാവിലെ ഇന്ത്യൻ രൂപ 21 പൈസ ഉയർന്ന് ഡോളറിന് 79.54 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 9 പൈസ ഉയർന്ന് ഡോളറിന് 79.26 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം, യുഎസ് ഫെഡ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. 100 പോയിന്റ് വർദ്ധിക്കുമെന്ന ആശങ്കയെ ആസ്ഥാനത്താക്കി 75 ബേസിസ് പോയിന്റുകൾ ആണ് ഉയർത്തിയത്. എന്നാൽ ഉയർന്ന നിരക്ക് അധിക നാൾ തുടരില്ല എന്ന് യുഎസ് ഫെഡ് ജെറോം പവൽ അറിയിച്ചിരുന്നു. ഇത് വിപണിയെ പ്രതീക്ഷയിലേക്ക് നയിച്ചു.

Back to top button
error: