NEWSWorld

തീകൊണ്ടു കളിക്കരുത്, അതില്‍ എരിഞ്ഞുപോകും; ബൈഡന് മുന്നറിയിപ്പ് നല്‍കി ഷി ജിന്‍പിംഗ്

വാഷിങ്ടണ്‍: തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. തീകൊണ്ട് കളിക്കരുത്, അങ്ങനെ കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകും എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. ഇരു നേതാക്കളും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ചൈനീസ് നേതാവ് ഇത് പറഞ്ഞത്. തായ്‌വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്നും ബൈഡനോട് ഷി എടുത്തുപറഞ്ഞു.

‘തായ്വാന്‍ കടലിടുക്കിന്റെ ഇരുവശങ്ങളും ഒരേ ചൈനയുടെ ഭാഗമാണെങ്കിലും, അതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് മനസിലാക്കണം’. ‘തായ്വാന്‍ സ്വാതന്ത്ര്യസേന’ എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ഇടപെടലിനും ഇവിടെ സാധ്യതയില്ല. നീക്കങ്ങളെ ചൈന ശക്തമായി എതിര്‍ക്കുന്നു എന്ന് ബൈഡനോട് ഷി വ്യക്തമാക്കി.

Signature-ad

എന്നാല്‍ തായ്‌വാന്‍ സംബന്ധിച്ച യുഎസ് നിലപാട് മാറിയിട്ടില്ലെന്നും തായ്വാന്‍ കടലിടുക്കില്‍ ഉടനീളമുള്ള സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡന്‍ ചൈനീസ് പ്രസിഡന്റിനെ അറിയിച്ചുവെന്നുമാണ് വൈറ്റ് ഹൗസ് പറയുന്നത്.

സാമ്പത്തിക രംഗത്തില്‍ അടക്കം ബൈഡന്‍ സര്‍ക്കാരും ചൈനീസ് സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന അവസ്ഥയിലാണ് ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം നടന്നത്.

ആഗസ്റ്റില്‍ അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ അമേരിക്ക അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ചൈന പ്രതികരിച്ചിരുന്നു. ‘സ്പീക്കര്‍ പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. അമേരിക്ക ഇതുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ചൈനീസ് പ്രതികരണം രൂക്ഷമായിരിക്കും. ഇതിന്റെ എല്ലാ അനന്തരഫലങ്ങളും യുഎസ് സഹിക്കേണ്ടിവരും’ , ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

യുഎസിന് ചൈനയുമായി സഹകരിക്കാന്‍ കഴിയുന്ന മേഖലകള്‍ ഉണ്ട്, എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ അഭിപ്രായ വ്യാത്യാസവും സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. ലോകം ഉറ്റുനോക്കുന്ന ഒരു ഉഭയകക്ഷി ബന്ധമാണ് ചൈനയും യുഎസും തമ്മില്‍. അതിനാല്‍ തന്നെ വ്യക്തിഗതമായ കാര്യങ്ങള്‍ക്ക് അപ്പുറം ഇതിന് പ്രധാന്യമുണ്ട് – യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.

Back to top button
error: