മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമനിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം. ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ നേരിട്ട് രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള തൊഴില്‍ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തി.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉച്ചവിശ്രമ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു തൊഴില്‍ മന്ത്രിയുടെ നേരിട്ടുള്ള പരിശോധനകള്‍.
ബഹ്റൈനില്‍ ജൂലൈ ഒന്നിന് ആംരഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നിലനില്ക്കും. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് നിയമപ്രകാരം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വേനല്‍ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉഷ്ണ സംബന്ധമായ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ സുരക്ഷ കണക്കിലെടുത്തുമാണ് ഈ നിയമം എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപ്പാക്കുന്നത്.
ഉച്ചവിശ്രമ നിയമലംഘകരെ കണ്ടെത്താന്‍ ഇതുവരെ 6,608 പരിശോധനകള്‍ ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയം നടത്തിക്കഴിഞ്ഞു. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ ലഭിക്കാനും നിയമം ലംഘിക്കുന്ന ഓരോ തൊഴിലാളിക്കും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ചുമത്തപ്പെടാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.