KeralaNEWS

ഇടുക്കി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം; 100 എംബിബിഎസ് സീറ്റില്‍ ഈ വര്‍ഷം പ്രവേശനം നടത്താം

പൈനാവ്: ഇടുക്കി മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം. 100 കുട്ടികളുള്ള എംബിബിഎസ് ബാച്ചിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇക്കൊല്ലം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അംഗീകാരം അഞ്ചു കൊല്ലത്തിനു ശേഷമാണ് ഇടുക്കിയെ തേടി വീണ്ടുമെത്തുന്നത്.

2014 സെപ്റ്റംബര്‍ 18-നാണ് ഇടുക്കിയുടെ സ്വപ്നം സഫലമാക്കി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജാക്കി മാറ്റിയായിരുന്നു ഉദ്ഘാടനം.
അടുത്ത രണ്ടു വര്‍ഷം 50 വിദ്യാര്‍ത്ഥികള്‍ വീതം പഠനവും നടത്തി. എന്നാല്‍ 2017 ല്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തി കോളജ് അടച്ചുപൂട്ടുകയും ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുകയുമായിരുന്നു.

Signature-ad

മെഡിക്കല്‍ കോളജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ഈ വര്‍ഷം വീണ്ടും അപേക്ഷ നല്‍കി. ഇതനുസരിച്ച് ഫെബ്രുവരിയില്‍ മെഡിക്കല്‍ കമ്മീഷന്‍ പരിശോധന നടത്തി. അധ്യാപകരുടെയും റെസിഡന്റ് ട്യൂട്ടര്‍മാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റല്‍, ലൈബ്രറി, പരിശോധന ഉപകരണങ്ങള്‍ എന്നിവയുടെ കുറവും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഇവ പരിഹരിച്ച ശേഷം വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടന്നാണ് അംഗീകാരം ലഭിച്ചത്. ആരോഗ്യ സര്‍വകലാശാലയുടെയും സക്കാരിന്റെയും തീരുമാനം വന്നാല്‍ ഈ വര്‍ഷം തന്നെ 100 കുട്ടികള്‍ക്ക് ഇടുക്കി മെഡിക്കല്‍ കോളജില്‍ പഠനം തുടങ്ങാനാകും.

 

 

Back to top button
error: