മുംബൈ: എയര്‍ ഇന്ത്യ തങ്ങളുടെ 3 വിമാനങ്ങള്‍ വില്‍ക്കുന്നു. 2009 ല്‍ നിര്‍മ്മിച്ച മൂന്ന് B777 – 200LR വിമാനങ്ങള്‍ ആണ് വില്‍ക്കുന്നത്. ഇതിനായി കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ത്യയില്‍ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാന്‍ പറ്റുന്ന വലിയ ഫ്യൂവല്‍ എന്‍ജിനോട് കൂടിയ വമ്പന്‍ വിമാനങ്ങളാണ് വില്‍ക്കുന്നത്.
വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 16 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. എയര്‍ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങള്‍ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി. എയര്‍ ബസുമായും ബോയിങ് കമ്പനിയുമായും പുതിയ വിമാനങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
കേന്ദ്രത്തില്‍നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ അടിമുടി മാറ്റങ്ങള്‍ക്കാണ് ടാറ്റാ ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ആന്റ് സിഇഒ ആയി കാംപ്ബെല്‍ വില്‍സണ്‍ ഉടന്‍തന്നെ സ്ഥാനമേല്‍ക്കും. സിങ്കപ്പൂര്‍ എയര്‍ലൈനില്‍ ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യുരിറ്റി ക്ലിയറന്‍സ് ലഭിച്ചു.
ജനുവരിയില്‍ എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ഏറ്റെടുത്ത ടാറ്റ സണ്‍സ് മെയ് 12 ന് കാംപ്ബെല്‍ വില്‍സണിനെ എയര്‍ ഇന്ത്യ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ വിമാനക്കമ്പനികളില്‍ ഉന്നത പദവികളിലേക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാനാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യുരിറ്റി ക്ലിയറന്‍സ് എടുക്കാനുണ്ടായ കാലതാമസമാണ് അദ്ദേഹത്തിന്റെ നിയമനം വൈകിപ്പിച്ചത്.
സിങ്കപ്പൂര്‍ എയര്‍ലൈനിന്റെ ബജറ്റ് വിമാനക്കമ്പനിയായിരുന്ന സ്കൂട്ടിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജൂണ്‍ 15 നാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് വിരമിച്ചത്. പിന്നീട് ജൂണ്‍ 20 ന് ദില്ലിയിലെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് എത്തുകയും പിന്നാലെ ഇന്ത്യയൊട്ടാകെ എയര്‍ ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
1996ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സില്‍ മാനേജ്മെന്റ് ട്രെയിനീ തസ്തികയിലാണ് കാംപ്ബെല്‍ വില്‍സണ്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ന്യൂസിലാന്റില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് കാനഡ, ഹോങ്കോങ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചു. പിന്നീട് സിങ്കപ്പൂര്‍ എയര്‍ലൈന്‍ സ്കൂട്ട് എന്ന ബജറ്റ് എയര്‍ലൈന്‍ കമ്പനിക്ക് തുടക്കം കുറിച്ചപ്പോള്‍ അതിന്റെ സിഇഒ ആയി തിരഞ്ഞെടുത്തതും കാംപ്ബെല്‍ വില്‍സണിനെയാണ്.
2016 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് സിങ്കപ്പൂര്‍ എയര്‍ലൈനിന്റെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റായി ചുമതലയേറ്റു. 2020 ഏപ്രില്‍ മാസത്തില്‍ സ്കൂട്ടിന്റെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി. എയര്‍ ഇന്ത്യയെ നയിക്കാനുള്ള ഓഫര്‍ മുന്നിലെത്തിയതോടെയാണ് അദ്ദേഹം സ്കൂട്ടിന്റെ ചുമതലയൊഴിഞ്ഞതെന്നാണ് വിവരം.